മുംബൈ : കോവിഡ് വാക്സിന്റെ ക്ഷാമം രൂക്ഷമായതോടെ സംസ്ഥാനത്ത് മുംബൈയിൽ അടക്കം പലയിടങ്ങളിലും ചില വാക്സിനേഷൻ കേന്ദ്രങ്ങൾ അടച്ചേക്കും. രണ്ടോ മൂന്നോ ദിവസത്തേക്ക് നൽകാനുള്ള വാക്സിൻ മാത്രമേ സംസ്ഥാനത്ത് ഇപ്പോഴുള്ളൂ എന്നാണ് ആരോഗ്യമന്ത്രി രാജേഷ് തോപ്പെ പറഞ്ഞത്. അടുത്തദിവസം തന്നെ വാക്സിൻ ലഭിച്ചില്ലെങ്കിൽ ചില കേന്ദ്രങ്ങളെങ്കിലും അടയ്ക്കേണ്ട അവസ്ഥയിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘‘മൂന്നു ദിവസത്തേക്കുള്ള വാക്സിൻ ഇപ്പോൾ സംസ്ഥാനത്ത് സ്റ്റോക്കുണ്ട്. ഉടൻതന്നെ വാക്സിൻ എത്തിയില്ലെങ്കിൽ എല്ലാ കേന്ദ്രങ്ങളിലും വാക്സിൻ നൽകുക എന്ന പരിപാടി നടക്കില്ല. കൂടുതൽ വാക്സിൻ അയയ്ക്കാൻ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രി ഹർഷ്‌ വർധനുമായി കഴിഞ്ഞദിവസം വീഡിയോ കോൺഫറൻസ് വഴി ഇക്കാര്യം സംസാരിച്ചിരുന്നു.’’ -മന്ത്രി രാജേഷ് തോപ്പെ പറഞ്ഞു.

സംസ്ഥാനത്ത് ദിവസം അഞ്ചുലക്ഷത്തോളം പേർക്കാണ് കോവിഡ് വാക്സിൻ നൽകുന്നത്. നിലവിൽ 14 ലക്ഷത്തോളം ഡോസ് വാക്സിനാണ് സംസ്ഥാനത്തുള്ളത്. ഓരോ ആഴ്ചയിലും വേണ്ടത് 40 ലക്ഷത്തോളം ഡോസാണ്. വാക്സിൻ കുറഞ്ഞതോടെ പല കേന്ദ്രങ്ങളിലും നൽകുന്ന ഡോസുകളുടെ എണ്ണം കുറച്ചിട്ടുണ്ട്. വാക്സിൻ കിട്ടാതെ ജനങ്ങൾ മടങ്ങാനും തുടങ്ങിയിട്ടുണ്ട്. ശിവസേന എം.പി.യായ പ്രിയങ്ക ചതുർവേദിയും എത്രയും പെട്ടെന്ന് വാക്സിൻ അയയ്ക്കാൻവേണ്ടി കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രിക്ക്‌ പ്രത്യേകം കത്തെഴുതുകയുണ്ടായി.

രാജ്യത്ത് ഓരോ ദിവസവും രോഗം പിടിപെടുന്നവരിൽ 60 ശതമാനത്തോളവും മഹാരാഷ്ട്രയിൽനിന്നുള്ളവരാണ്. ഏറ്റവും കൂടുതൽ പേർ വാക്സിൻ സ്വീകരിച്ചതും മഹാരാഷ്ട്രയിലാണ്. ഞായറാഴ്ചയോടെ എട്ടു ലക്ഷത്തിലധികം പേരാണ് ഇവിടെ വാക്സിൻ സ്വീകരിച്ചത്. ഈ വേഗം നിലനിർത്തണമെങ്കിൽ അടുത്തദിവസം തന്നെ സംസ്ഥാനത്ത് വാക്സിൻ എത്തിച്ചേ മതിയാകൂ. നേരത്തേ വാക്സിൻ ഒന്നാം ഡോസ് സ്വീകരിച്ചവർ രണ്ടാം ഡോസിനായി കാത്തിരിക്കുകയാണ്. വാക്സിൻ എത്തിയില്ലെങ്കിൽ ഇതും നിലയ്ക്കാൻ സാധ്യതയുണ്ട്.

മഹാരാഷ്ട്രയ്ക്ക് ഇതുവരെ 1.06 കോടി വാക്സിൻ ഡോസുകൾ കൊടുത്തിട്ടുണ്ടെന്നും ഒന്നോ രണ്ടോ ദിവസത്തിനകം ഏഴുലക്ഷം ഡോസുകൾ കൂടി നൽകുമെന്നാണ് കേന്ദ്ര ആരോഗ്യവകുപ്പ് വൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നത്. ഇതുവരെ 90 ലക്ഷത്തോളം ഡോസുകൾ ഉപയോഗിച്ചതിനാൽ 23 ലക്ഷം ഡോസുകൾ ബാക്കി കാണുമെന്നും അവർ ചൂണ്ടിക്കാട്ടുന്നു.