ന്യൂഡൽഹി : കർഷകപ്രക്ഷോഭത്തെ പിന്തുണച്ചില്ലെങ്കിൽ നേതാക്കളെയും പ്രവർത്തകരെയും സാമൂഹികമായി ബഹിഷ്കരിക്കുമെന്ന്‌ കിസാൻ മോർച്ചയുടെ മുന്നറിയിപ്പ്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ബി.ജെ.പി.യ്ക്കെതിരായ ജനരോഷം ശക്തിപ്പെടുകയാണെന്നും യോഗങ്ങളോ പാർട്ടിപരിപാടികളോ സംഘടിപ്പിക്കാൻപോലുമാകാത്ത സ്ഥിതിയാണെന്നും കിസാൻ മോർച്ച വാർത്താകുറിപ്പിൽ പറഞ്ഞു.

രാജസ്ഥാനിലെ ഹനുമാൻഗഢിൽ പങ്കെടുക്കേണ്ടിയിരുന്ന ഒരു പരിപാടി കർഷകരോഷത്തെത്തുടർന്ന് ബി.ജെ.പി. എം.പി. നിഹാൽ ചന്ദ് ഉപേക്ഷിച്ചു. എം.പി. എത്തുന്നതറിഞ്ഞ് വൻതോതിൽ കർഷകർ സംഘടിച്ചു. കർഷകസമരത്തോടുള്ള നിലപാട് എം.പി.യോട് ചോദിക്കുകയെന്ന ലക്ഷ്യത്തോടെയാണ് കർഷകർ എത്തിയത്. എന്നാൽ, കർഷകർ സംഘടിച്ചിട്ടുണ്ടെന്ന് അറിഞ്ഞതോടെ അദ്ദേഹം പരിപാടിക്കെത്താതെ മടങ്ങി. പഞ്ചാബിലെ ഫഗ്വാരയിൽ ബി.ജെ.പി. നേതാവ് വിജയ് സാംപ്ലയെ കർഷകർ ഉപരോധിച്ചു.

ഹരിയാണയിലും യു.പി.യിലും പഞ്ചാബിലുമൊക്കെ തുടർച്ചയായി കർഷകപ്രതിഷേധത്തെ നേരിടേണ്ടിവരികയാണ് ബി.ജെ.പി. നേതാക്കൾ. പലയിടങ്ങളിലും ബി.ജെ.പി. നേതാക്കൾ സാമൂഹിക ബഹിഷ്കരണവും നേരിടുന്നുണ്ട്. നേതാക്കൾ ബി.ജെ.പി.യുമായുള്ള ബന്ധം ഉപേക്ഷിച്ച് കർഷകസമരത്തിന് പിന്തുണയുമായി രംഗത്തുവരണമെന്നാണ് കർഷകരുടെ ആവശ്യം.

ബി.ജെ.പി. നേതാക്കളിൽ പലർക്കും സമരത്തോട് അനുഭാവമുണ്ടെങ്കിലും സർക്കാർനടപടി ഭയന്ന് നിശ്ശബ്ദരായിരിക്കയാണെന്ന് കർഷകസംഘടനകൾ പറഞ്ഞു. പിന്തുണച്ചാൽ കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് വേട്ടയാടുമോയെന്ന ആശങ്കയിലാണ് നേതാക്കൾ. സമരത്തെ കർഷകരുടെ പിടിവാശിയായി കാണരുതെന്ന് കിസാൻമോർച്ച പ്രസ്താവനയിൽ പറഞ്ഞു.