സ്വന്തം ലേഖകൻ

മുംബൈ

: റിലയൻസ് ഇൻഡസ്ട്രീസ് മേധാവി മുകേഷ് അംബാനിയുടെ വസതിക്കുമുന്നിൽ സ്ഫോടകവസ്തുക്കൾവെച്ച സംഭവത്തിൽ അറസ്റ്റുചെയ്യപ്പെട്ട പോലീസ് ഓഫീസർ സച്ചിൻ വാസേയെ ക്രൈം ഇന്റലിജൻസ് യൂണിറ്റിൽ (സി.ഐ.യു.) നിയമിച്ചത് പോലീസ് കമ്മിഷണറായിരുന്ന പരംബീർ സിങ് വാക്കാൽ നൽകിയ നിർദേശമനുസരിച്ചാണെന്ന് മുംബൈ പോലീസിന്റെ രഹസ്യറിപ്പോർട്ട്. ഉയർന്ന ഉദ്യോഗസ്ഥരെ മറികടന്ന് കമ്മിഷണർ നേരിട്ടാണ് വാസേയ്ക്ക് നിർദേശങ്ങൾ നൽകിയിരുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.

സച്ചിൻ വാസേ അറസ്റ്റുചെയ്യപ്പെടുകയും പരംബീർ സിങ്ങിനെ പോലീസ് കമ്മിഷണർ സ്ഥാനത്തുനിന്ന് സ്ഥലംമാറ്റുകയും ആഭ്യന്തര മന്ത്രിയായിരുന്ന അനിൽ ദേശ്മുഖിനെതിരേ അഴിമതി ആരോപണങ്ങൾ ഉയരുകയും ചെയ്തതിനുപിന്നാലെയാണ് വാസേയുടെ പുനർനിയമനത്തെപ്പറ്റി പുതിയ കമ്മിഷണർ ഹേമന്ത് നഗ്രാലേ ആഭ്യന്തരവകുപ്പിന് റിപ്പോർട്ട് നൽകിയത്. അനിൽ ദേശ്മുഖിന്റെ രാജിക്കുപിന്നാലെയാണ് രഹസ്യറിപ്പോർട്ട് പുറത്തു വരുന്നത്.

ക്വാജാ യൂനുസ് എന്ന യുവാവ് പോലീസ് കസ്റ്റഡിയിൽ കൊല്ലപ്പെട്ട കേസിൽ അറസ്റ്റിലായതിനെത്തുടർന്ന് 17 വർഷത്തോളം സസ്പെൻഷനിലായിരുന്ന വാസേയെ 2020-ലാണ് കോവിഡിന്റെ പശ്ചാത്തലത്തിൽ നടപടിക്രമങ്ങൾ മറികടന്ന് സർവീസിൽ തിരിച്ചെടുത്തത്. മുംബൈ പോലീസിന്റെ പ്രധാന വിഭാഗമായ സി.ഐ.യു. വിൽ നിയനം ലഭിക്കുകയും ചെയ്തു. പോലീസ് കമ്മിഷറായിരുന്ന പരംബീർ സിങ് വാക്കാൽ നൽകിയ നിർദേശമനുസരിച്ചായിരുന്നു നിയമനം. അസിസ്റ്റന്റ് പോലീസ് ഇൻസ്പെക്ടർ എന്ന താരതമ്യേന താഴ്ന്ന തസ്തികയിലുള്ള വാസേയായിരുന്നു ഫലത്തിൽ സി.ഐ.യു. വിന്റെ മേധാവി. ക്രൈംബ്രാഞ്ചിന്റെ ജോയന്റ് കമ്മിഷണറുടെ എതിർപ്പ് മറികടന്നാണ് സി.ഐ.യു. വിന്റെ ചുമതല വാസേയ്ക്ക് വാക്കാൽ നൽകിയത്.

കേസന്വേഷണത്തിന്റെ കാര്യങ്ങളിലും ദൈനംദിന പ്രവർത്തനങ്ങളിലും കമ്മിഷണർ നേരിട്ട് വാസേയ്ക്ക് നിർദേശം നൽകുകയായിരുന്നു പതിവ്. ഏതൊക്കെ സ്ഥാപനങ്ങളിൽ റെയ്ഡ് നടത്തണമെന്ന നിർദേശം കമ്മിഷണറാണ് വാസേയ്ക്ക് നൽകിയിരുന്നത്. ഇടയ്ക്കുള്ള ഉദ്യോഗസ്ഥരെ അവഗണിച്ച് വാസേ നേരിട്ട് കമ്മിഷണർക്കാണ് റിപ്പോർട്ട് ചെയ്തിരുന്നത്. ടി.ആർ.പി. തട്ടിപ്പുകേസിന്റെയും ദിലീപ് ഛബ്രിയ കേസിന്റെയും അംബാനി വസതിക്കുമുന്നിൽ സ്ഫോടക വസ്തുക്കൾ കണ്ടെത്തിയ കേസിന്റെയും അന്വേഷണം വാസേയെ ഏൽപ്പിച്ചതും പരംബീർ സിങ്ങാണ്.

പ്രധാന കേസുകളെപ്പറ്റി മന്ത്രിമാരോട് വിശദീകരിക്കേണ്ടി വരുമ്പോൾ വാസേയെയും ഒപ്പംകൂട്ടാറുണ്ടായിരുന്നു. പോലീസിന്റെ ഔദ്യോഗിക വാഹനങ്ങൾ ഉപയോഗിക്കാതെ വിലപിടിച്ച സ്വകാര്യവാഹനങ്ങളിലാണ് വാസേ യാത്ര ചെയ്തിരുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു.

പോലീസിലെ കീഴ് വഴക്കങ്ങളോ നടപടിക്രമങ്ങളോ വാസേയ്ക്ക് ബാധകമായിരുന്നില്ല. തന്നിഷ്ടപ്രകാരം തീരുമാനങ്ങളെടുത്തുനടപ്പാക്കാൻ അദ്ദേഹത്തിന് സ്വാതന്ത്ര്യമുണ്ടായിരുന്നെന്ന് റിപ്പോർട്ടിൽ പറയുന്നു.

ഏറ്റുമുട്ടൽ വിദഗ്ധൻ എന്നറിയപ്പെട്ടിരുന്ന സച്ചിൻ വാസേ ദാവൂദ് ഇബ്രാഹിമിന്റെയും ഛോട്ടാ രാജന്റെയും അധോലോക സംഘത്തെ ഉൻമൂലനം ചെയ്യാൻ മുംബൈ പോലീസ് നടത്തിയ 63 ഏറ്റുമുട്ടലുകളിൽ പങ്കാളിയായിരുന്നു. ഒട്ടേറെ സുപ്രധാന കേസുകളുടെ അന്വേഷണച്ചുമതല ഏറ്റെടുക്കുകയും അന്താരാഷ്ട്ര ശ്രദ്ധയാകർഷിച്ച സൈബർ കേസുകൾക്ക് തുമ്പുണ്ടാക്കുകയും ചെയ്ത് പ്രശസ്തിയിലേറിയിരിക്കേയാണ് ആദ്യത്തെ അറസ്റ്റും സസ്പെൻഷനും വരുന്നത്.

സസ്പെൻഷൻ നീണ്ടുപോയപ്പോൾ 2007-ൽ രാജി നൽകിയ വാസേ കുറച്ചുകാലം ശിവസേനയിൽ പ്രവർത്തിച്ചു. രാജി സ്വീകരിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് കൊലക്കേസിന്റെ വിധി വരുംമുമ്പേ സർവീസിൽ തിരിച്ചെടുത്തത്.