കല്യാൺ : കല്യാൺ-ഡോംബിവിലി നഗരസഭാ മേഖലയിലെ ആറ് ശ്മാശാനങ്ങളിൽ എൽ.പി.ജി. വാതകം ഉപയോഗിച്ച് മൃതദേഹങ്ങൾ കത്തിക്കാൻ സൗകര്യം ഏർപ്പെടുത്തി. കഴിഞ്ഞ വർഷം കോവിഡ് വ്യാപനം വർധിച്ച ആദ്യഘട്ടത്തിൽ മൃതദേഹങ്ങൾ സംസ്‌കരിക്കാൻ ശ്മാശാനങ്ങളിലുണ്ടായ അസൗകര്യങ്ങൾ കണക്കിലെടുത്ത് സർക്കാർ നൽകിയ നിർദേശപ്രകാരമാണ് കല്യാണിലെ ലാൽചൗക്കി, ബൈൽബസാർ, മുർബാദ് റോഡ്, വിത്തൽവാഡി, ഡോംബിവിലി ശിവമന്ദിർ, പാത്ഥർലി എന്നിങ്ങനെ ആറ് ശ്മാശാനങ്ങളിൽ എൽ.പി.ജി. വാതകത്തിലെരിയുന്ന ചിതയൊരുക്കാനുള്ള സൗകര്യം കെ.ഡി.എം.സി. ഏർപ്പെടുത്തിയത്. കഴിഞ്ഞവർഷം മാർച്ച് പതിനാലിന് കല്യാൺ-ഡോംബിവിലിയിൽ ആദ്യത്തെ കോവിഡ് രോഗിയെ കണ്ടെത്തിയശേഷം ഇതുവരെ ഇവിടെ കോവിഡ് ബാധിതരുടെ എണ്ണം 85,000 കടന്നുകഴിഞ്ഞു.

കോവിഡ് മൂലമുള്ള മരണനിരക്ക് ഇപ്പോഴും ദിനംപ്രതി മൂന്നും നാലുമായി തുടർന്നുകൊണ്ട് ഇതിനകം 1270 കവിയുകയും ചെയ്തു. അതിൽ കഴിഞ്ഞവർഷം ജൂലായ്, ഓഗസ്റ്റ് മാസങ്ങളിലാണ് ഏറ്റവുംകൂടുതൽ മരണങ്ങൾ പ്രതിദിനം പത്തുമുതൽ പതിനൊന്ന് എന്ന നിരക്കിൽ രേഖപ്പെടുത്തിയത്. കോവിഡ് മരണത്തിനു പുറമെ മറ്റുകാരണങ്ങളാലുള്ള മരണങ്ങൾ മൂലവും ഇവിടത്തെ ശ്മാശാനങ്ങളിൽ തിരക്ക് വർധിക്കാനുള്ള സാഹചര്യമാണുള്ളത്.

കല്യാൺ-ഡോംബിവിലി നഗരസഭാ മേഖലയിൽ മൊത്തം 67 ശ്മശാനങ്ങളുള്ളതിൽ ഏഴ് ഇടങ്ങളൊഴികെ ബാക്കി എല്ലാ ഇടങ്ങളിലും മൃതദേഹങ്ങൾ വിറകുകൊണ്ട് ദഹിപ്പിക്കാനുള്ള സൗകര്യമുണ്ട്. അവയിൽതന്നെ ആറിടങ്ങളിലാണ് എൽ.പി.ജി. ചിതയൊരുക്കാനുള്ള സൗകര്യം ഏർപ്പെടുത്തിയത്.