മുംബൈ : എൻ.സി.ബി. സോണൽ ഡയറക്ടർ സമീർ വാംഖഡേയുടെ അച്ഛൻ ധ്യാൻദേവ് വാംഖഡെ നൽകിയ മാനനഷ്ടക്കേസിൽ കോടതിക്കു നൽകിയ ഉറപ്പ് പാലിക്കപ്പെട്ടിട്ടില്ലെന്ന ഹർജിയിൽ മഹാരാഷ്ട്ര ന്യൂനപക്ഷ വികസനമന്ത്രി നവാബ് മാലിക്കിന് ബോംബെ ഹൈക്കോടതി ചൊവ്വാഴ്ച നോട്ടീസയച്ചു. കോടതിയലക്ഷ്യത്തിന് നടപടിയെടുക്കാതിരിക്കുന്നതിന് കാരണം ബോധിപ്പിച്ചുകൊണ്ട് സത്യവാങ്മൂലം നൽകാൻ മാലിക്കിനോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

തന്നെയും കുടുംബത്തെയും അപകീർത്തിപ്പെടുത്തിയ നവാബ് മാലിക്ക് 1.25 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നാവശ്യപ്പെട്ട് ധ്യാൻദേവ് വാംഖഡെ നൽകിയ ഹർജി ബോംബെ ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഇതിന്റെ വാദത്തിനിടെ വാംഖഡേ കുടുംബത്തിനെതിരേ ആരോപണങ്ങളുന്നയിക്കില്ലെന്ന് മാലിക് കോടതിക്ക്‌ ഉറപ്പുനൽകിയിരുന്നു. അതിനു ശേഷവും മാലിക് അപകീർത്തിപരമായ പരാമർശങ്ങൾ നടത്തിയെന്ന് കാണിച്ചാണ് ധ്യാൻ ദേവ് വാംഖഡെ തിങ്കളാഴ്ച ഹൈക്കോടതിയിൽ ഹർജി നൽകിയത്.

മന്ത്രി മാലിക്കിന്റെ നടപടിയിൽ കോടതി അതൃപ്തി പ്രകടിപ്പിച്ചു. വ്യക്തിയെന്ന നിലയിലാണ് പ്രസ്താവനകൾ നടത്തുന്നതെങ്കിൽ മാലിക്കിന് സമൻസ് അയക്കാൻ മടിക്കില്ലെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്. സൂപ്പർതാരം ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാനെ മയക്കുമരുന്നു കേസിൽ അറസ്റ്റുചെയ്തതിനു പിന്നാലെയാണ് എൻ.സി.ബി. സോണൽ ഡയറക്ടർക്കെതിരേ മാലിക് ആരോപണങ്ങൾ ഉന്നയിച്ചത്.

അതിനിടെ, ബി.ജെ.പി. നേതാവ് മോഹിത് ഭാരതീയ കാംബോജ് മാലിക്കിനെതിരേ ഒരു മാനനഷ്ടക്കേസുകൂടി നൽകി. മയക്കുമരുന്നു ഇടപാടുമായി ബന്ധപ്പെട്ട് മാലിക് തനിക്കെതിരേ വീണ്ടും ആരോപണങ്ങളുന്നയിച്ചെന്ന് ചൂണ്ടിക്കാണിച്ചാണ് കാംബോജിന്റെ ഹർജി. ഇതേവിഷയത്തിൽ കാംബോജ് നേരത്തേ നൽകിയ ഹർജി ഹൈക്കോടതിയുടെ പരിഗണനയിലാണ്.