മുംബൈ : മഹാരാഷ്ട്ര മുൻ ആഭ്യന്തര മന്ത്രി അനിൽ ദേശ്‌മുഖിനെതിരായ അനധികൃത പണമിടപാടു കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചൊവ്വാഴ്ച മുൻ ചീഫ് സെക്രട്ടറി സീതാറാം കുണ്ടേയുടെ മൊഴിയെടുത്തു. ഈ കേസിൽ കുടുംബത്തിന്റെ സ്വത്തു കണ്ടുകെട്ടിയ ഇ.ഡി. നടപടിക്കെതിരേ ദേശ്‌മുഖിന്റെ ഭാര്യ ആരതി ദേശ്‌മുഖ് ബോംബെ ഹൈക്കോടതിയിൽ ഹർജി നൽകിയിട്ടുണ്ട്.

മുംബൈയിലെ ബാറുകളിൽനിന്ന് എല്ലാ മാസവും 100 കോടി രൂപ വീതം പിരിച്ചുനൽകാൻ മന്ത്രിയായിരിക്കേ അനിൽ ദേശ്‌മുഖ് പോലീസുകാർക്ക് നിർദ്ദേശം നൽകിയെന്ന് മുംബൈ പോലീസ് കമ്മിഷണായിരുന്ന പരംബീർ സിങ് പരാതിപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് അനധികൃത പണമിടപാടുകളെപ്പറ്റി ഇ.ഡി. അന്വേഷണം നടത്തുന്നത്. ഈ കേസിൽ അറസ്റ്റിലായ ദേശ്‌മുഖ് ഇപ്പോൾ ജുഡീഷ്യൽ കസ്റ്റഡിയിലാണ്.

ചീഫ് സെക്രട്ടറിയായി സ്ഥാനക്കയറ്റം ലഭിക്കുംമുമ്പ് ആഭ്യന്തര വകുപ്പിലെ അഡീഷണൽ ചീഫ് സെക്രട്ടറിയായിരുന്നു സീതാറാം കുണ്ടേ. ആഭ്യന്തര വകുപ്പിന്റെ പ്രവർത്തനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ആരായാനാണ് കുണ്ടേയുടെ മൊഴിയെടുത്തതെന്നറിയുന്നു. നവംബർ 25-ന് മൊഴി നൽകാനെത്തണം എന്നാവശ്യപ്പെട്ട് കുണ്ടേയ്ക്ക് ഇ.ഡി. നോട്ടീസ് നൽകിയിരുന്നു. സുപ്രധാന യോഗത്തിൽ പങ്കെടുക്കാനുണ്ടെന്ന് പറഞ്ഞ് അന്നദ്ദേഹം എത്തിയില്ല. നവംബർ 30-ന് സർവീസിൽനിന്ന് വിരമിച്ചതിനുശേഷമാണ് അദ്ദേഹം ഹാജരായത്.

ഈ കേസുമായി ബന്ധപ്പെട്ട് വർളിയിലും ഉറാനിലും ദേശ്‌മുഖ് കുടുംബത്തിന്റെ കൈവശമുണ്ടായിരുന്ന 4.21 കോടി രൂപയുടെ സ്വത്ത് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് താത്ക്കാലികമായി കണ്ടുകെട്ടിയിട്ടുണ്ട്.

ഈ നടപടി റദ്ദാക്കണം എന്നാവശ്യപ്പെട്ടാണ് ആരതി ദേശ്‌മുഖ് തിങ്കളാഴ്ച ബോംബെ ഹൈക്കോടതിയിൽ ഹർജി നൽകിയത്. ഹർജി സ്വീകരിച്ച ഹൈക്കോടതി സ്വത്തു കണ്ടുകെട്ടിയ വിഷയത്തിൽ വിധി പറയുന്നതിൽനിന്ന് അനധികൃത പണമിടപാടു തർക്കങ്ങൾ പരിശോധിക്കുന്ന അഡ്‌ജുഡിക്കേറ്റിങ് അതോറിറ്റിയെ വിലക്കിയിട്ടുണ്ട്.