മുംബൈ : പാപ്പരത്ത നടപടിയിൽ വീഡിയോകോണിന്റെ അന്താരാഷ്ട്ര എണ്ണഖനന-പര്യവേക്ഷണ സംരംഭമായ വീഡിയോകോൺ ഓയിൽ വെഞ്ചേഴ്സിനായി (വി.ഒ.വി.എൽ.) പൊതുമേഖലാ എണ്ണക്കമ്പനിയായ ഒ.എൻ.ജി.സി. താത്പര്യപത്രം സമർപ്പിച്ചേക്കും. വീഡിയോകോൺ ഇൻഡസ്ട്രീസിന്റെ രീതിയിൽ വിലയിടിയാതിരിക്കാനാണ് ഒ.എൻ.ജി.സി.യെ നടപടികളിൽ പങ്കെടുപ്പിക്കാൻ വായ്പാസ്ഥാപനങ്ങളുടെ സമിതി ശ്രമിക്കുന്നത്. വായ്പാസ്ഥാപനങ്ങളുടെ അഭ്യർഥനയെത്തുടർന്ന് ലേലനടപടികളിൽ പങ്കെടുക്കാൻ ഒ.എൻ.ജി.സി. സമ്മതമറിയിച്ചതായാണ് വിവരം.

വീഡിയോകോൺ ഇൻഡസ്ട്രീസിനുകീഴിലെ 12 കമ്പനികൾക്കും ചേർന്ന് ലിക്വിഡേഷൻ മൂല്യത്തിനടുത്ത തുകയാണ് താത്പര്യപത്രത്തിൽ സമർപ്പിച്ചത്. കൂടുതൽ അപേക്ഷകരില്ലാതെ വന്നതോടെ ഈ തുകയ്ക്ക് പുനരുജ്ജീവനപദ്ധതി അംഗീകരിക്കാൻ എൻ.സി.എൽ.ടി.യും നിർബന്ധിതമായി. ഇത് വ്യാപകമായ പരാതിക്കും വിമർശനത്തിനും ഇടയാക്കിയിരുന്നു. തുടർന്ന്, ജൂലായ് 19-ന് ദേശീയകമ്പനി നിയമ അപ്പലറ്റ് ട്രിബ്യൂണൽ ഇത് സ്റ്റേചെയ്തു.

ഒ.എൻ.ജി.സി. സമ്മതമറിയിച്ച സാഹചര്യത്തിൽ വി.ഒ.വി.എലിന്റെ പാപ്പരത്തനടപടികൾ പുനരാരംഭിക്കാൻ എസ്.ബി.ഐ.യുടെ നേതൃത്വത്തിലുള്ള കൺസോർഷ്യം റിസൊല്യൂഷൻ പ്രൊഫഷണലിനോട് നിർദേശിച്ചിട്ടുണ്ട്. വി.ഒ.വി.എലിന് താത്പര്യപത്രം സമർപ്പിക്കാൻ ഡിസംബർ 11 വരെയാണ് സമയം നൽകിയിട്ടുള്ളത്. എന്നാൽ, ഇതിനായി കൂടുതൽ സമയം വേണമെന്ന് ഒ.എൻ.ജി.സി. ആവശ്യപ്പെട്ടിട്ടുണ്ട്. ഇൻഡൊനീഷ്യ, ബ്രസീൽ എന്നിവിടങ്ങളിലായി എണ്ണ-വാതക ഖനന, പര്യവേക്ഷണ സംരംഭങ്ങളുള്ള വി.ഒ.വി.എലിന് 30,640 കോടി രൂപയുടെ ബാധ്യതയാണ് നിലവിലുള്ളത്.