മുബൈ : ഹിന്ദി ചലച്ചിത്ര രംഗത്തെ പ്രമുഖരുടെ സ്ഥാപനങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ നടന്ന റെയ്ഡിൽ 650 കോടിയിലേറെ രൂപയുടെ ക്രമക്കേട് കണ്ടെത്തിയതായി ആദായനികുതി വകുപ്പ് വെളിപ്പെടുത്തി. അനുരാഗ് കശ്യപ് 20 കോടിയോളം രൂപയുടെയും തപ്‌സി പന്നു അഞ്ചു കോടിയോളം രൂപയുടെയും കണക്കുകൾ മറച്ചുവെച്ചു എന്നാണ് സൂചന.

അനുരാഗ് കശ്യപിന്റെ പങ്കാളിത്തത്തിൽ തുടങ്ങിയ ഫാന്റം ഫിലിംസ് എന്ന ചലച്ചിത്ര നിർമാണ സ്ഥാപനവുമായും ബോളിവുഡ് താരങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ക്വാൻ ടാലന്റ് മാനേജ്‌മെന്റ് ഏജൻസിയുമായും ബന്ധമുള്ള 28 സ്ഥലങ്ങളിലാണ് ബുധൻ, വ്യാഴം ദിവസങ്ങളിൽ റെയ്ഡ് നടന്നത്. ഫാന്റം ഫിലിംസിന്റെ ഓഹരിയുടമകൾ നികുതിയിനത്തിൽ 600 കോടി രൂപയോളം മറച്ചുവെച്ചെന്നാണ് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്. നികുതി ലാഭിക്കുന്നതിനായി അനുരാഗ് കശ്യപ് 20 കോടിയോളം രൂപയുടെ കള്ളക്കണക്കുണ്ടാക്കിയെന്നാണ് ആരോപണം. തപ്‌സി പന്നു അഞ്ചു കോടിയോളം രൂപ പണമായി കൈപ്പറ്റിയിട്ടുണ്ട്. ഇവയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ആരായുന്നതിന് തപ്‌സിയെ വീണ്ടും ചോദ്യം ചെയ്തേക്കും.

അനുരാഗ് കശ്യപ്, മധു മണ്ടേന, വിക്രമാദിത്യ മോട്വാനേ, വികാസ് ബാൽ എന്നിവർ ചേർന്ന് 2011-ലാണ് ഫാന്റം ഫിലിംസിന് രൂപം നൽകിയത്. ഇവരുടെ ഒരു സിനിമയിൽ തപ്‌സി പന്നു പ്രവർത്തിച്ചിരുന്നു. വികാസ് ബാലിനെതിരേ ലൈംഗികാതിക്രമത്തിന് പരാതി ഉയർന്നതിനെത്തുടർന്ന് 2018-ൽ സ്ഥാപനത്തിന്റെ പ്രവർത്തനം അവസാനിപ്പിച്ചെങ്കിലും രേഖകളനുസരിച്ച് കമ്പനി ഇപ്പോഴും പ്രവർത്തിക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥർ പറയുന്നു.

സമകാലിക സംഭവങ്ങളിൽ ശക്തമായി പ്രതികരിക്കുകയും കേന്ദ്രനയങ്ങളെ വിമർശിക്കുകയും ചെയ്യുന്ന അനുരാഗ് കശ്യപിനെയും തപ്‌സി പന്നുവിനെയും കേന്ദ്രസർക്കാർ ആദായനികുതി വകുപ്പിനെ ഉപയോഗിച്ച് വേട്ടയാടുകയാണെന്നാണ് പ്രതിപക്ഷ കക്ഷിനേതാക്കൾ പറയുന്നത്. കർഷകസമരം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ഇരുവരും കേന്ദ്രത്തെ വിമർശിച്ചിരുന്നു. കർഷകസമരത്തിൽ കേന്ദ്രസർക്കാരിനു പിന്തുണയുമായെത്തിയ താരങ്ങളെ പരിഹസിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇവരുടെ സ്ഥാപനങ്ങളിൽ 2013-ലും സമാനമായ പരിശോധന നടന്നിരുന്നെന്ന് കേന്ദ്ര ധനകാര്യ മന്ത്രി നിർമലാ സീതാരാമൻ പറഞ്ഞു. അന്ന് ആരും അതിൽ രാഷ്ട്രീയം കണ്ടിരുന്നില്ലെന്ന് അവർ ചൂണ്ടിക്കാണിച്ചു.