നവി മുംബൈ : നല്ല നഗരങ്ങളുടെ റാങ്കിങ്ങിൽ മഹാരാഷ്ട്രയിലെ ആസൂത്രിത നഗരമെന്നറിയപ്പെടുന്ന നവി മുംബൈ രണ്ടാം സ്ഥാനത്തുനിന്ന് ആറാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. കേന്ദ്ര ഭവന നഗരകാര്യ മന്ത്രാലയം നടത്തിയ സർവേഫലം വ്യാഴാഴ്ചയാണ് പുറത്തുവിട്ടത്.

ആസൂത്രണം, ജനങ്ങളുടെ ജീവിത നിലവാരം, നഗരത്തിന്റെ സാമ്പത്തികശേഷി, അടിസ്ഥാന സൗകര്യ വികസനം എന്നിങ്ങനെ വിവിധഘടകങ്ങൾ വിലയിരുത്തിയാണ് റാങ്കിങ് നിശ്ചയിച്ചത്. 18 ഘടകങ്ങൾ വിലയിരുത്തിയതിൽ പതിനഞ്ചിലും നവി മുംബൈ ഒന്നാംസ്ഥാനത്തെത്തിയെങ്കിലും സാമ്പത്തികശേഷി, സാമ്പത്തികമായ അവസരങ്ങൾ, ഹരിതനിർമാണം എന്നീ കാര്യങ്ങളിൽ സ്കോർ കുറഞ്ഞതാണ് നവി മുംബൈയുടെ സ്ഥാനം മുൻവർഷത്തിൽ ഉണ്ടായിരുന്ന രണ്ടിൽനിന്ന് ആറിലെത്താൻ ഇടയാക്കിയത്. 1970-1980 കാലഘട്ടങ്ങളിൽ ആസൂത്രണം ചെയ്ത് വികസിപ്പിക്കാൻ തുടങ്ങിയ നവി മുംബൈ ജീവിക്കാൻ സമീപപ്രദേശങ്ങളെ അപേക്ഷിച്ച് മികച്ചതാണെങ്കിലും മാലിന്യ സംസ്കരണം, ഹരിത ഊർജ ഉറവിടം കണ്ടെത്തൽ എന്നീ കാര്യങ്ങളിൽ കാര്യമായ പുരോഗതി നേടാൻ കഴിഞ്ഞില്ലെന്നാണ് നഗരാസൂത്രകനായ ദിൻക്കർ സാമന്ത് പറയുന്നത്.

നവി മുംബൈ വിമാനത്താവളം, ജലപാത, മെട്രോ റെയിൽ എന്നിവ പ്രവർത്തനസജ്ജമാകുന്നതോടെ നവി മുംബൈയുടെ സാമ്പത്തിക പ്രവർത്തനങ്ങൾ വരുംകാലങ്ങളിൽ മെച്ചപ്പെടുമെന്നും നഗരം സൗരോർജം കൂടുതൽ ഉപയോഗപ്പെടുത്തേണ്ടതുണ്ടെന്നും ഇദ്ദേഹം അഭിപ്രായപ്പെടുന്നു.

റാങ്കിങ്ങിൽ പിന്നോട്ടു പോയതിനെക്കുറിച്ച് എൻ.എം.എം.സി. അധികൃതർ പ്രതികരിച്ചിട്ടില്ല. റിപ്പോർട്ട് പഠിച്ചതിനു ശേഷം പ്രസ്താവനയിറക്കുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. റാങ്കിൽ ഒന്നാംസ്ഥാനം ബെംഗളൂരുവിനാണ്. പത്താം സ്ഥാനത്താണ് മുംബൈ.