പുണെ : പിംപ്രി ചിഞ്ച്‌വാഡ് മുനിസിപ്പൽ കോർപ്പറേഷൻ 2022-23 സാമ്പത്തികവർഷത്തിൽ വസ്തുനികുതി നിരക്കുകൾ വർധിപ്പിക്കേണ്ടതില്ലെന്ന് തീരുമാനിച്ചു. അടുത്തവർഷം ഫെബ്രുവരിയിൽ നടക്കാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പ് കണക്കിലെടുത്താണ് തീരുമാനം. കഴിഞ്ഞ രണ്ടുവർഷമായി കോർപ്പറേഷനിൽ നികുതി നിരക്കിൽ വർധനയുണ്ടായിട്ടില്ല. പാർപ്പിട, വാണിജ്യ, വ്യാവസായിക കെട്ടിടങ്ങൾ ഉൾപ്പെടെ രജിസ്റ്റർ ചെയ്ത 5.61 ലക്ഷം വസ്തുവകകളാണ് നിലവിൽ പിംപ്രി ചിഞ്ച്‌വാഡിലുള്ളത്.

ശുചിത്വനികുതി, അഗ്നിശമന സേനാ നിരക്കുകൾ, വിദ്യാഭ്യാസനികുതി, ജലവിതരണ ആനുകൂല്യ നികുതി, റോഡ് നികുതി എന്നിവയിലും മാറ്റമില്ല. വിനോദനികുതിയിലും വർധനയുണ്ടായിട്ടില്ല. പൊതുനികുതികളിൽ ഇളവ് നൽകുന്ന പദ്ധതിയും തുടരുമെന്ന് അധികൃതർ അറിയിച്ചു.