മുംബൈ : ബോളിവുഡ് നടി ജാക്വിലിൻ ഫെർണാണ്ടസിനെ ഡിസംബർ എട്ടിന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യംചെയ്യും. ഡൽഹി ആസ്ഥാനത്താണ് ചോദ്യംചെയ്യൽ. ഞായറാഴ്ച രാത്രി മുംബൈ വിമാനത്താവളത്തിൽ ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ തടഞ്ഞിരുന്നു. ദുബായിൽ സ്റ്റേജ് ഷോയിൽ പങ്കെടുക്കാനുള്ള യാത്രയ്ക്കിടെയാണ് തടഞ്ഞത്. 200 കോടിയുടെ സാമ്പത്തിക തട്ടിപ്പുകേസുകളിലെ പ്രതി സുകാഷ് ചന്ദ്രശേഖറുമായുള്ള ബന്ധത്തിന്റെ പേരിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നോട്ടിസിന്റെ അടിസ്ഥാനത്തിലാണിത്. സുകാഷിനും കൂട്ടാളി മലയാളിയായ ലീന മരിയ പോളിനും എതിരെ 200 കോടിയുടെ സാമ്പത്തിക തട്ടിപ്പുകേസിൽ ഇ.ഡി. അടുത്തിടെ കുറ്റപത്രം സമർപ്പിച്ചിരുന്നു. ജാക്വിലിനു കോടികളുടെ വസ്തുക്കൾ സമ്മാനമായി നൽകിയെന്നു സുകാഷ് മൊഴിനൽകിയിട്ടുണ്ട്. ബെംഗളൂരു സ്വദേശിയായ സുകാഷ് നിലവിൽ തിഹാർ ജയിലിലാണ്. കേസിൽ നടിയും സുകാഷുമായുള്ള സാമ്പത്തിക ഇടപാടുകളെക്കുറിച്ച് അന്വേഷണം നടക്കുന്നതിനാണ്‌ നടിയെ ചോദ്യം ചെയ്യലിനായി വിളിപ്പിച്ചത്. സുകാഷ് ചന്ദ്രശേഖറും ജാക്വിലിനുമായി സാമ്പത്തിക ഇടപാടുകൾ നടന്നതിന്റെ തെളിവുകൾ ഇ.ഡി. കണ്ടെത്തിയിട്ടുണ്ട്. 52 ലക്ഷംരൂപ വിലയുള്ള കുതിര, ഒൻപതുലക്ഷം രൂപയുടെ പേർഷ്യൻ പൂച്ച തുടങ്ങി പത്തുകോടി രൂപയുടെ സമ്മാനങ്ങൾ സുകാഷ് ജാക്വിലിന് നൽകിയിട്ടുണ്ടെന്ന് ഇ.ഡി. കുറ്റപത്രത്തിൽ പറയുന്നുണ്ട്.