പുണെ : കൊവിഡ് വകഭേദമായ ഒമിക്രോൺ ബാധ സ്ഥിരീകരിച്ച പുണെ നഗരത്തിൽ അധിക നിയന്ത്രണങ്ങളുണ്ടാകില്ലെന്ന് പൂണെ മുനിസിപ്പൽ കോർപ്പറേഷൻ മേയർ മുരളീധർ മൊഹോൾ പറഞ്ഞു. സ്ഥിതിഗതികൾ നിയന്ത്രണത്തിലായതിനാൽ കിംവദന്തികളിൽ വിശ്വസിക്കരുതെന്ന് മേയർ അഭ്യർഥിച്ചു.

നഗരത്തിൽ ഒരാൾക്ക് ഒമിക്രോൺ ബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് ആശങ്കയുണ്ട്. ഒമിക്രോൺ ബാധിച്ച രോഗി താമസിച്ച ഹൗസിങ്‌ സൊസൈറ്റി നഗരത്തിന്റെ ഹൃദയഭാഗത്താണ്, കെട്ടിടത്തിലെ എല്ലാ താമസക്കാരെയും പരിശോധിച്ചുവരികയാണ്. രോഗം ബാധിച്ചയാൾക്ക് രോഗലക്ഷണങ്ങളില്ല. വിദേശത്തുനിന്ന് മടങ്ങിയെത്തിയ എല്ലാവരെയും കണ്ടെത്താനുള്ള ശ്രമത്തിലാണ് കോർപ്പറേഷൻ. നവംബറിൽ വിദേശത്തുനിന്ന് മടങ്ങിയെത്തിയ 370 പൗരന്മാരുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ട്. ഇവരുടെ കഴിഞ്ഞ 15 ദിവസത്തെ നീക്കങ്ങൾ നിരീക്ഷിച്ചുവരികയാണ്. ഇതുവരെ 335 ആളുകളെ കണ്ടെത്തി, 270 പേരുടെ ആർ.ടി.പി.സി.ആർ. ടെസ്റ്റുകൾ നടത്തി. ബാക്കിയുള്ളവരുടെ പരിശോധനകൾ നടന്നുവരികയാണ്. ഇവരിൽ ഒരാൾക്കാണ് കോവിഡ് ബാധിച്ചത്.

ലോക്‌ഡൗണോ അധികനിയന്ത്രണമോ ഉടനടി ഉണ്ടാകാൻ പോകുന്നില്ലെന്ന് മേയർ പറഞ്ഞു. വാരാന്ത്യത്തിൽ അവലോകനയോഗം ചേരുമെന്നും അദ്ദേഹം പറഞ്ഞു. എല്ലാ മുൻകരുതൽ നടപടിയും സ്വീകരിച്ചിട്ടുണ്ട്. 14 ഓക്സിജൻ പ്ലാന്റുകൾ സജ്ജമാണ്. ആവശ്യമെങ്കിൽ നാലുദിവസത്തിനകം ജംബോ ആശുപത്രി തുടങ്ങാനാകും. സ്വകാര്യ ആശുപത്രികളുടെ സഹകരണം നല്ലതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതുവരെ നഗരത്തിൽ 56 ലക്ഷം വാക്സിൻ ഡോസുകൾ നൽകിയിട്ടുണ്ട്, 33 ലക്ഷം പേർക്ക് ഒരു ഡോസും 23 ലക്ഷം പേർക്ക് രണ്ട് ഡോസും നൽകിയിട്ടുണ്ട്. നിലവിൽ കോർപ്പറേഷനിൽ പ്രതിദിനം 25,000 ഡോസ് വാക്സിൻ വിതരണം ചെയ്യുന്നുണ്ട്. ഇനിയും വാക്സിനേഷൻ എടുക്കാത്തവർ ഉടൻ എടുക്കണമെന്നും എല്ലാവരും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്നും മേയർ ആവശ്യപ്പെട്ടു. പിംപ്രി ചിഞ്ച്‌വാഡിൽ ആറു ഒമിക്രോൺ രോഗികളെ കണ്ടെത്തിയതിനെ തുടർന്ന് പരിഭ്രാന്തരാകരുതെന്ന് കമ്മിഷണർ രാജേഷ് പാട്ടീൽ ജനങ്ങളോട് അഭ്യർഥിച്ചു.