മുംബൈ : മഹാരാഷ്ട്ര സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ ജീവനക്കാരുടെ സമരം 40 ദിവസം പിന്നിട്ടു. ആകെയുള്ള 250 ഡിപ്പോകളിൽ 78 എണ്ണം തിങ്കളാഴ്ച പ്രവർത്തിച്ചു. 1,700-ലധികം ബസുകൾ നിരത്തിലിറക്കാനും കഴിഞ്ഞു. 92,000 ജീവനക്കാരിൽ 24,000-ത്തോളം ജീവനക്കാരാണ് ജോലിക്കെത്തുന്നത്.

16,000 ബസുകളാണ് എം.എസ്.ആർ.ടി.സി.ക്കുള്ളത്. കോർപ്പറേഷനെ സർക്കാരിന് കീഴിലാക്കുക എന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുകയാണ് ഭൂരിപക്ഷം ജീവനക്കാരും. സമരത്തിലുള്ള ഏകദേശം 10,000 സ്ഥിരം ജീവനക്കാരെ മാനേജ്‌മെന്റ് സസ്പെൻഡ് ചെയ്തിട്ടുണ്ട്. 2,000-ത്തോളം താത്‌കാലിക ജീവനക്കാരെ പിരിച്ചുവിടുകയും ചെയ്തു. എന്നിട്ടും സമരം അവസാനിപ്പിക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. നല്ലൊരു ശതമാനം ജീവനക്കാരും ഡിപ്പോകൾക്കുമുന്നിൽ ഇപ്പോഴും പ്രതിഷേധസമരം നടത്തുന്നുണ്ട്. 12,000 കോടിയോളം കടബാധ്യതയുള്ള കോർപ്പറേഷനെ സർക്കാരിന് കീഴിലാക്കാൻ കഴിയില്ലെന്ന് ഗതാഗതവകുപ്പ് മന്ത്രി അനിൽ പരബ് വ്യക്തമാക്കിയിരുന്നു. സമരത്തിലുള്ള തൊഴിലാളി യൂണിയനുകളുമായി സംസാരിച്ചശേഷം ജീവനക്കാരുടെ ശമ്പളത്തിൽ നല്ല രീതിയിൽ വർധന വരുത്താനും സർക്കാർ തയ്യാറായി. എന്നാൽ, ശമ്പള വർധനയല്ല തങ്ങൾക്കുവേണ്ടതെന്നും കോർപ്പറേഷനെ സർക്കാരിന്റെ കീഴിലാക്കുകയെന്നാവശ്യത്തിൽ വിട്ടുവീഴ്ചയില്ലെന്നും യൂണിയനുകൾ പ്രഖ്യാപിക്കുകയായിരുന്നു. ദിവസം ശരാശരി 65 ലക്ഷം പേരാണ് എം.എസ്.ആർ.ടി.സി. ബസുകളിൽ യാത്ര ചെയ്തുകൊണ്ടിരുന്നത്.