മുംബൈ : മഹാരാഷ്ട്രയിൽ കോവിഡ് വകഭേദമായ ഒമിക്രോൺ ബാധിതർ കൂടുന്ന സാഹചര്യത്തിൽ നിയന്ത്രണം കടുപ്പിക്കാൻ സർക്കാർ ആലോചിക്കുന്നു. കഴിഞ്ഞദിവസം പുണെയിൽ ഒരു കുടുംബത്തിലെ ആറുപേർക്കടക്കം ഏഴുപേർക്ക് ഒമിേക്രാൺ സ്ഥിരീകരിച്ചത് ആശങ്കക്കിടയാക്കിയിരുന്നു. ഇതുകൂടാതെ ദക്ഷിണാഫ്രിക്കയിൽനിന്ന് ഡോംബിവ്‌ലിയിലെത്തിയ മറൈൻ എൻജിനിയർക്കും രോഗം ബാധിച്ചു. വിവിധ രാജ്യങ്ങളിൽനിന്നെത്തിയ 21 പേരുടെ സാംപിളുകളുടെ പരിശോധനാഫലം അറിയാനുണ്ട്. ഇവരുടെ ജനിതക േശ്രണീകരണഫലം അടുത്തദിവസം പുറത്തു വരും. നിലവിൽ സംസ്ഥാനത്ത് എട്ടു പേർക്കാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് കൂടുതൽ നിയന്ത്രണം ഏർപ്പെടുത്തുന്നതിന്റെ സൂചന മന്ത്രി ആദിത്യ താക്കറെ നൽകി.

മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ആരോഗ്യ വിദഗ്ധരടങ്ങുന്ന കോവിഡ് കർമസേനയുടെ യോഗം വിളിക്കും. ഇൗ യോഗത്തിനുശേഷം കൂടുതൽ നിയന്ത്രണം വേണമോയെന്ന കാര്യത്തിൽ തീരുമാനമെടുക്കും. ഒമിക്രോൺ വ്യാപിച്ച രാജ്യങ്ങളിൽനിന്നെത്തുന്നവർക്ക് കർശനനിയന്ത്രണങ്ങളാണ് സംസ്ഥാനത്തുള്ളത്. വിമാനത്താവളത്തിൽ കോവിഡ് പരിശോധന നടത്തിയശേഷം ഏഴു ദിവസം ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റീനിൽ കഴിയണം. തുടർന്ന്‌ ആർ.ടി.പി.സി.ആർ. പരിശോധനയ്ക്കുശേഷം രോഗമില്ലെങ്കിലും ഏഴുദിവസം വീണ്ടും വീട്ടിൽ സമ്പർക്ക വിലക്കിൽ കഴിയണം. കോവിഡ് സ്ഥിരീകരിക്കുന്നവരെ ആശുപത്രിയിലേക്ക്‌ മാറ്റും. വീട്ടിൽ കഴിയുന്നവരെ നിരീക്ഷിക്കും. മറ്റു സംസ്ഥാനങ്ങളിൽനിന്നെത്തുന്നവരെ (രണ്ട് ഡോസ് വാക്സിനെടുക്കാത്തവർക്ക്) കോവിഡ് പരിശോധനയ്ക്കു വിധേയരാക്കും. രണ്ടുഡേസ് വാക്സിൻ സ്വീകരിച്ചവർക്ക് ബൂസ്റ്റർ ഡോസ് നൽകുന്നതിൽ കേന്ദ്രസർക്കാരിന്റെ തീരുമാനം കാത്തിരിക്കയാണെന്ന് ഉപമുഖ്യമന്ത്രി അജിത് പവാർ പറഞ്ഞു.

മുംബൈയിൽ രണ്ടുപേർക്കുകൂടി ഒമിക്രോൺ

മുംബൈ : മുംബൈയിൽ രണ്ടുപേർക്കുകൂടി കോവിഡ് വകഭേദമായ ഒമിക്രോൺ സ്ഥിരീകരിച്ചു. ഇതോടെ മഹാരാഷ്ട്രയിൽ ഒമിക്രോൺ സ്ഥിരീകരിച്ചവർ പത്തായി. നവംബർ 25-ന്‌ ദക്ഷിണാഫ്രിക്കയിലെ ജൊഹാനസ്‌ബർഗിൽനിന്ന് മുംബൈയിലെത്തിയയാൾക്കും സുഹൃത്തിനുമാണ്‌ ഒമിക്രോൺ സ്ഥിരീകരിച്ചത്‌. രണ്ടുപേർക്കും രോഗലക്ഷണങ്ങളില്ല. ഇരുവരേയും അന്ധേരിയിലെ സെവൻസ്‌ ഹിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർ വാക്സിനെടുത്തവരാണ്.

മുംബൈയിൽ 168 പേർക്കുകൂടി കോവിഡ്‌ സ്ഥിരീകരിച്ചു. 250 പേർ രോഗമുക്തരായി. മുബൈയിൽ രണ്ടുപേർകൂടി മരിച്ചു.

ഒമിക്രോൺ പരിശോധനയ്ക്ക് കിറ്റ് ക്ഷാമം

മുംബൈ : ഒമിക്രോൺ വൈറസ് വകഭേദം പിടിപെട്ടവരുടെ എണ്ണം കൂടുന്നതിനിടെ പരിശോധിക്കാനുള്ള കിറ്റിന് ക്ഷാമം. ഒമിക്രോണിന്റെ സാന്നിധ്യം ഉറപ്പാക്കണമെങ്കിൽ ജനിതകപരിശോധന വേണമെങ്കിലും എസ്-ജീൻ പരിശോധന നടത്തിയാൽ ഒമിക്രോണിന്റെ സാന്നിധ്യം ഏറെക്കുറെ ഉറപ്പാക്കാം. പരിശോധനയിൽ എസ്-ജീനിന്റെ സാന്നിധ്യം കണ്ടെത്തിയില്ലെങ്കിലാണ് ഒമിക്രോൺ സംശയിക്കാവുന്നത്. അതിനാൽ എസ്-ജീൻ ടാർഗെറ്റ് ഫെയിലിയർ (എസ്.ജി.ടി.എഫ്.) ടെസ്റ്റ് ആണ് ഇതിനായി നടത്തുന്നത്. എന്നാൽ, സംസ്ഥാനത്തിപ്പോൾ പരിശോധനാ കിറ്റ് മുംബൈയിലും പുണെയിലും മാത്രമേയുള്ളൂ. മറ്റ് ഒരു ജില്ലയിലും ഇത് ലഭ്യമല്ല. മുംബൈ മുനിസിപ്പൽ കോർപ്പറേഷന്റെ പക്കൽ ഇത്തരത്തിലുള്ള 1,200 കിറ്റുകളുണ്ട്. സ്വകാര്യ ആശുപത്രികളോടു കിറ്റുകൾ വാങ്ങിസൂക്ഷിക്കാൻ നിർദേശിച്ചിട്ടുണ്ട്. ഒമിക്രോണിന് കൂടുതൽ വ്യാപനശേഷിയുള്ളതിനാൽ സംശയമുള്ളവരെ പരമാവധി വേഗത്തിൽ പരിശോധനയ്ക്ക് വിധേയമാക്കുകയെന്നതാണ് സർക്കാർ നയം. എന്നാൽ, ഇത് 36 ജില്ലകളിലും നടപ്പാക്കാൻ പറ്റാത്ത സാഹചര്യമാണുള്ളത്. എസ്.ജി.ടി.എഫ്. കിറ്റുകൾ എത്രയും വേഗം വാങ്ങിക്കാൻ മറ്റു ജില്ലകൾക്കും സർക്കാർ നിർദേശം നൽകിയിട്ടുണ്ട്. സംസ്ഥാനത്ത് ആദ്യമായി ഒമിക്രോൺ സ്ഥിരീകരിച്ച കല്യാൺ-ഡോംബിവിലി മുനിസിപ്പൽ കോർപ്പറേഷന്റെ പക്കലും ഈ കിറ്റില്ല. മുംബൈയിലെ കസ്തൂർബ ഗാന്ധി ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് ഡോംബിവിലി നിവാസിയായ മറൈൻ എൻജിനീയർക്ക് ഒമിക്രോൺ സ്ഥിരീകരിച്ചത്.