മുംബൈ : കഴിഞ്ഞ ഒൻപത് ദിവസമായി മുംബൈയിൽ കോവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം പതുക്കെ വർധിക്കുകയാണ്. ഓഗസ്റ്റ് 26-ന് 2,736 പേരായിരുന്നു ചികിത്സയിലുണ്ടായിരുന്നത്. ഇത് വർധിച്ച് ഇപ്പോൾ ഇപ്പോൽ 3500-ന് മുകളിൽ എത്തിയിരിക്കയാണ്. ശനിയാഴ്ച 416 പേർക്ക് കോവിഡ് സ്ഥിരീകരിക്കുകയും 288 പേർ ആശുപത്രി വിടുകയും ചെയ്തതോടെ ചികിത്സയിലുള്ളവരുടെ എണ്ണം 3,561 ലേക്കുയർന്നു. വ്യാഴാഴ്ച ഇത് 3,418-ഉം വെള്ളിയാഴ്ച 3,532-ഉം ആയിരുന്നു. കഴിഞ്ഞ നാലുദിവസമായി രോഗം പിടിപെടുന്നവരുടെ എണ്ണം 400-ന് മേലാണ്. ശനിയാഴ്ച മരിച്ചത് നാല് പേരാണ്. ആകെ മരണം 15,991 ആയി ഉയർന്നു. നഗരത്തിൽ രോഗമുക്തി നിരക്ക് 97 ശതമാനത്തിൽ തുടരുകയാണ്. ഇതുവരെ രോഗം പിടിപെട്ടവരുടെ എണ്ണം 7.45 ലക്ഷവും രോഗമുക്തരുടെ എണ്ണം 7.23 ലക്ഷവുമായി വർധിച്ചു. രോഗികളുടെ എണ്ണം ഇരട്ടിക്കുന്നത് 1,379 ദിവസത്തിലായി മാറിയിട്ടുണ്ട്.

സീൽ ചെയ്ത കെട്ടിടങ്ങളുടെ എണ്ണം 46 ആയി വർധിച്ചു. സംസ്ഥാനത്തെ സ്ഥിതിയും വ്യത്യസ്തമല്ല. ശനിയാഴ്ച 4,130 പേർക്ക് രോഗം സ്ഥിരീകരിക്കുകയും 2,506 പേർ രോഗമുക്തി നേടുകയും ചെയ്തതോടെ ചികിത്സയിലുള്ളവരുടെ എണ്ണം 52,025 ആയി ഉയർന്നു. ഓഗസ്റ്റ് 24-ന് 49,752 പേരായിരുന്നു ചികിത്സയിലുണ്ടായിരുന്നത്. ഇത് ഓരോ ദിവസം കഴിയുന്തോറും പതുക്കെ വർധിക്കുകയായിരുന്നു. ഇതുവരെ രോഗം പിടിപെട്ടവരുടെ എണ്ണം 64.82 ലക്ഷവും രോഗമുക്തി നേടിയവരുടെ എണ്ണം 62.88 ലക്ഷവുമായി വർധിച്ചിട്ടുണ്ട്. 24 മണിക്കൂറിനുള്ളിൽ 64 പേർ കൂടി മരിച്ചതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണം 1,37,707 ആയി വർധിച്ചു.