മുംബൈ : ഇന്റഗ്രൽ കോച്ച് ഫാക്ടറിയിൽ നിർമിച്ച പഴയ പാസഞ്ചർകോച്ചുകൾ വാഹനങ്ങൾ കയറ്റി അയക്കാനുള്ള അതിവേഗവാഗണുകളാക്കി റെയിൽവേ മാറ്റുന്നു. ഇത്തരത്തിലുള്ള 25 വാഗണുകളാണ് കഴിഞ്ഞദിവസം ഭോപ്പാലിലെ റെയിൽവേ വർക്ക്‌ഷോപ്പിൽനിന്നും പുറത്തിറങ്ങിയത്. എസ്.യു.വി. പോലുള്ള വലിയ വാഹനങ്ങൾ ഇതിനകത്ത് കയറ്റാൻ കഴിയുമെന്ന് മാത്രമല്ല മണിക്കൂറിൽ 110 കിലോമീറ്റർ വേഗതയിൽവരെ ഇതിന് സഞ്ചരിക്കാനും കഴിയും.

പുറത്തിറക്കിയ 25 കോച്ചുകൾ ഉൾപ്പെടുത്തിയുള്ള ഒരു ചരക്ക് വണ്ടി സമീപഭാവിയിൽത്തന്നെ ഓടിത്തുടങ്ങുമെന്നും റെയിൽവേ അറിയിച്ചു. തത്‌കാലം 100 കോച്ചുകളാണ് അതിവേഗ വാഗണുകളാക്കാൻ തീരുമാനിച്ചിരിക്കുന്നത്. മധ്യറെയിൽവേയുടെ പരേൽ വർക്ക്‌ഷോപ്പിലാണ് ഇത്തരത്തിൽ പഴയ കോച്ചിൽ രൂപമാറ്റംവരുത്തി ആദ്യമായി വാഗൺ വികസിപ്പിച്ചെടുത്തത്. 2020 ഡിസംബറിൽ പണി പൂർത്തിയാക്കിയ ഇതിന്റെ പരീക്ഷണ ഓട്ടം വിജയിച്ചശേഷമാണ് ഭോപ്പാൽ വർക്ക്‌ഷോപ്പിന് കൈമാറുന്നത്.

പഴയ വാഗണുകളുടെ പരമാവധിവേഗം മണിക്കൂറിൽ 75 കിലോ മീറ്ററാണ്. ഈ വാഗണുകൾക്ക് താങ്ങാൻകഴിയുന്ന ഭാരം 9.2 ടൺ ആണെങ്കിൽ പുതിയവയ്ക്ക് 12 ടൺവരെ കയറ്റാൻ സാധിക്കും. പഴയതൽനിന്നും വ്യത്യസ്തമായി ഓരോ കോച്ചിലും എട്ടു ജനാലകളുമുണ്ട്.