മുംബൈ : കഴിഞ്ഞദിവസം കാലംചെയ്ത മാർത്തോമ്മാ വലിയമെത്രാപ്പൊലീത്ത ഫിലിപ്പോസ് മാർക്രിസോസ്റ്റത്തെക്കുറിച്ചുള്ള ധന്യഒാർമകളിൽ മുംബൈയിലെ പ്രവാസി സമൂഹം. തൊണ്ണൂറാം പിറന്നാളിലും നൂറാം പിറന്നാളിലും മുംബൈയിൽ സംഘടിപ്പിച്ച ആഘോഷപരിപാടികളിൽ പങ്കെടുത്ത്‌ പ്രവാസി സമൂഹത്തിന്റെ ആദരവുകൾ അദ്ദേഹം ഏറ്റുവാങ്ങിയിരുന്നു. നവതി ആഘോഷം മുംബൈ ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തിൽ വാഷി സിഡ്‌കോയിൽ വെച്ചായിരുന്നു. അന്ന്‌ മഹരാഷ്ട്രയിൽ മന്ത്രിയായിരുന്ന ഗണേശ്‌ നായിക്കായിരുന്നു മുഖ്യാതിഥി. മന്ദാതായ്‌ മാത്രേ എം.എൽ.എ.യും ചടങ്ങിൽ പങ്കെടുത്തു.

2017 ൽ 100-ാം പിറന്നാൾ ആഘോഷം എലിക്‌സിർ കരുണാലയംട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ മാട്ടുംഗ ഷൺമുഖാനന്ദ ഹാളിലായിരുന്നു. നടൻ മമ്മൂട്ടി, കാലം ചെയ്‌ത ജോസഫ്‌ മാർത്തോമ്മ മെത്രാപ്പോലീത്ത, രാജ്യസഭാ ഉപാധ്യക്ഷനായിരുന്ന പി.ജെ. കുര്യൻ എന്നിവർ ആ ചടങ്ങിൽ പങ്കെടുത്തു. മുംബൈയിൽ തിരുമേനി പങ്കെടുത്ത അവസാന പരിപാടിയായിരുന്നു അത്‌. കേരളത്തിന്‌ പുറത്ത്‌ മാർത്തോമ്മ സമുദായാംഗങ്ങൾ കൂടുതലുള്ള മഹാനഗരത്തിൽ പ്രവാസികളായ വിശ്വാസി സമൂഹത്തിന്‌ ആദ്യകാലത്ത്‌ ഇടയനായി നിലകൊണ്ട പുരോഹിത ശ്രേഷ്‌ഠനാണ്‌ വിടപറഞ്ഞത്‌. ബാഹ്യകേരള ഭദ്രാസനത്തിന്റെ കീഴിലായിരുന്നു അന്ന്‌ മുംബൈ.

ക്രിസോസ്റ്റം തിരുമേനി ബാഹ്യകേരള ഭദ്രാസനത്തിന്റെ ചുമതല വഹിച്ചപ്പോൾ മുംബൈയിൽ കാര്യമായി ശ്രദ്ധപതിഞ്ഞിരുന്നു. മുംബൈയിൽ കൂടുതൽ ഇടവകകൾ രൂപം കൊണ്ടതും സ്വന്തമായി ദേവാലയങ്ങൾ ഉണ്ടായതും ഭദ്രാസന ആസ്ഥാനം നിലവിൽ വന്നതുമെല്ലാം അദ്ദേഹം സന്തോഷത്തോടെ നോക്കിക്കണ്ടു. ആരോഗ്യവാനായിരുന്നപ്പോൾ മുംബൈയിലെ ഇടവകകളിൽ അദ്ദേഹം സന്ദർശനത്തിന്‌ എത്തുമായിരുന്നു. നാട്ടുകാരെ കണ്ട്‌ പരിചയം പുതുക്കുന്നത്‌ അദ്ദേഹത്തിന്‌ വളരേയെറേ സന്തോഷമുള്ള കാര്യമായിരുന്നുവെന്ന്‌ ബോറിവ്‌ലി ഇടവകാംഗം പി.വി. കുര്യൻ അനുസ്മരിക്കുന്നു.

ചുവന്നതെരുവിലെ കുട്ടികളെ പുനരധിവസിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള കല്യാണിലെ നവജീവൻ സെന്ററിന്റെ വളർച്ചയിലും അദ്ദേഹം ശ്രദ്ധാലുവായിരുന്നുവെന്ന്‌ നവിമുംബൈയിലെ മുൻ നഗരസഭാംഗം സാബു ദാനിയേൽ അനുസ്മരിക്കുന്നു. മഹാനഗരത്തിലെ മാർത്തോമ്മക്കാർക്ക്‌ മാത്രമല്ല പ്രവാസികളായ എല്ലാവർക്കും ‘സ്വർണ നാവു’കാരനായ ക്രിസോസ്റ്റം തിരുമേനിയെക്കുറിച്ച്‌ അറിയാം. മാർത്തോമക്കാരാണെന്ന്‌ പറയുമ്പോൾ അവരിൽ പലരും ചോദിക്കുന്നത്‌ ക്രിസോസ്റ്റം തിരുമേനിയുടെ സഭയല്ലേ എന്നായിരിക്കുമെന്ന് കല്യാണിലെ ഇടവകാംഗം എബ്രഹാം മാത്യു അനുസ്മരിക്കുന്നു.