നവി മുംബൈ : ഇന്ത്യയിലെ സ്വർണം, വെള്ളി വിപണിയുടെ കേന്ദ്രമായ മുംബൈയിലെ സവേരി ബസാർ നവിമുംബൈയിലെ ഖാർഘറിലേക്ക് മാറുന്നു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ തിരക്കേറിയ സവേരി ബസാറിൽ സാമൂഹികഅകലം പാലിച്ചുകൊണ്ട് പ്രവർത്തിക്കുക ദുഷ്കരമായതിനാലാണ് വിപണിയെ നവിമുംബൈയിലേക്ക് പറിച്ചുനടാൻ ഇന്ത്യാ ബുള്ള്യൻ ആൻഡ്‌ ജ്വല്ലേഴ്‌സ് അസോസിയേഷൻ (ഐ.ബി.ജെ.എ.) ആലോചിക്കുന്നത്. ഇതിനായി ഖാർഘറിൽ എം.ഐ.ഡി.സി. യുടെ അധീനതയിലുള്ള 60 ഏക്കറോളം വരുന്ന രണ്ട് പ്ലോട്ടുകൾ കണ്ടെത്തിയിട്ടുണ്ടെന്ന് ഐ.ബി. ജെ.എ. അധ്യക്ഷൻ പൃഥ്വിരാജ് കോത്താരി പറഞ്ഞു.

കോവിഡ് വ്യാപനം നിയന്ത്രണ വിധേയമായാൽ സ്ഥലം നിശ്ചയിക്കുമെന്നും പദ്ധതി സർക്കാരിന് സമർപ്പിക്കുമെന്നും കോത്താരി വ്യക്തമാക്കി. സ്വർണംന, വെള്ളി വിപണനത്തിനായി ഖാർഘറിൽ 10,000 കോടി രൂപ ചെലവിട്ട് വ്യവസായ പാർക്ക് സ്ഥാപിക്കാനാണ് ലക്ഷ്യമിടുന്നത്. ഇവിടെ സ്വർണപ്പണിക്കാർക്ക് താമസിക്കാനുള്ള അപ്പാർട്ട്‌മെന്റുകൾ, ബാങ്കുകൾ, കസ്റ്റംസ് ഓഫീസ് എന്നിവ ഉണ്ടാകും. കോവിഡ് പോലുള്ള പ്രതിസന്ധികൾ ഇനിയും ഉണ്ടായാൽ സ്വർണപ്പണിക്കാർ വിട്ടു പോകാതിരിക്കുന്നതിനാണ് അവർക്കായി വ്യവസായ പാർക്കിൽ താമസസൗകര്യമൊരുക്കുന്നത്.

കോവിഡിന്റെ ആദ്യ തരംഗത്തിൽ തൊഴിലാളികൾ കൂട്ടത്തോടെ വിട്ടുപോയെങ്കിലും രണ്ടാം തരംഗത്തിൽ അതുണ്ടായില്ലെന്ന് കോത്താരി പറഞ്ഞു. കോവിഡ് ദുരിതകാലത്ത് തൊഴിലാളികൾക്ക് ആവുന്ന രീതിയിൽ സഹായം നൽകാൻ അസോസിയേഷൻ ശ്രമിച്ചിട്ടുണ്ട്. കോവിഡ് വ്യാപനത്തിന്റെ ആദ്യഘട്ടത്തിൽ ഓരോ തൊഴിലാളിക്കും പ്രതിമാസം 1500 രൂപ വീതം സഹായം നൽകിയിരുന്നു. നിലവിൽ സഹായം ചെയ്യുന്നതിനായി തൊഴിലാളികളുടെ ആധാർ വിവരങ്ങളും, ബാങ്ക് അക്കൗണ്ടുകളും ശേഖരിച്ചു വരുകയാണ്-കോത്താരി അറിയിച്ചു.

പ്രതിദിനം 900 കോടി രൂപയുടെ വിറ്റുവരവു നടക്കുന്ന സവേരി ബസാറിലെ സ്വർണ-വെള്ളി വിപണിയുമായി ബന്ധപ്പെട്ട് ഏകദേശം അഞ്ചുലക്ഷത്തോളം തൊഴിലാളികൾ പ്രവർത്തിക്കുന്നുണ്ടെന്നാണ് കണക്ക്.

രോഗികളും മരണവും വർധിച്ചു

മുംബൈ : മൂന്നുദിവസത്തെ ഇടവേളയ്ക്ക് ശേഷം മഹാരാഷ്ട്രയിൽ കോവിഡ് പിടിപെടുന്നവരുടെ എണ്ണം വീണ്ടും വർധിച്ചു. ബുധനാഴ്ച 57,640 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. മേയ് ഒന്നിന് 63,282 പേർക്ക് രോഗം സ്ഥിരീകരിച്ചശേഷം തുടർച്ചയായി വന്ന രോഗികളുടെ എണ്ണത്തിലാണ് പെട്ടെന്ന് വർധനയുണ്ടായിരിക്കുന്നത്. മരണസംഖ്യയിലും ഇതേ അവസ്ഥയാണ്. ബുധനാഴ്ച 920 പേരാണ് മരിച്ചത്.

ഏപ്രിൽ 28-ന് 985 പേർ മരിച്ചതിന് ശേഷം ഇത്രയും ഉയർന്ന മരണസംഖ്യ ഇതാദ്യമായാണ് വരുന്നത്. 57,006 പേർ 24 മണിക്കൂറിനുള്ളിൽ ആശുപത്രി വിട്ടുവെന്നത് മാത്രമാണ് ആശ്വാസം. ഇതോടെ സംസ്ഥാത്ത് ഇതുവരെ രോഗം പിടിപെട്ടവരുടെ എണ്ണം 48.80 ലക്ഷമായി. രോഗമുക്തി നേടിയവരാകട്ടെ 41.64 ലക്ഷത്തിലേക്കുയർന്നു. ആകെ മരണം 72,662 ആയിട്ടുണ്ട്. നിലവിൽ ചികിത്സയിലുള്ളവർ 6,41,596 പേരാണ്. മുംബൈയിലും ബുധനാഴ്ച രോഗികളുടെ എണ്ണത്തിൽ വർധനയുണ്ടായി. 3,879 പേർക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. 77 പേർ മരിക്കുകയും ചെയ്തു. ഇതുവരെ രോഗം പിടിപെട്ടവരുടെ എണ്ണം 6.65 ലക്ഷമായി ഉയർന്നപ്പോൾ മരണ സംഖ്യ 13,547 ആയി ഉയർന്നു. 3,686 പേർ ആശുപത്രിവിട്ടപ്പോൾ രോഗമുക്തി നേടിയവരുടെ എണ്ണം 5.98 ലക്ഷമായി. നിലവിൽ നഗരത്തിൽ ചികിത്സയിലുള്ളത് 51,472 പേരാണ്.

ധാരാവിയിൽ കുറേ ദിവസമായി രോഗികളുടെ എണ്ണത്തിൽ കുറവുവന്നിട്ടുണ്ട്. ബുധനാഴ്ച 24 പേർക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചത്. ഇതോടെ ഇവിടെ രോഗം പിടിപെട്ടവരുടെ എണ്ണം 6,561 പേരായി. തൊട്ടടുത്ത പ്രദേശങ്ങളായ ദാദറിൽ 37 പേർക്കും മാഹിമിൽ 46 പേർക്കുമാണ് പുതുതായി രോഗംസ്ഥിരീകരിച്ചത്. ഈ മൂന്നുപ്രദേശങ്ങളും ചേർന്ന ജി-നോർത്ത് വാർഡിൽ ഇതുവരെ രോഗംപിടിപെട്ടത് കാൽ ലക്ഷത്തിലേക്ക് അടുക്കുകയാണ്. ബുധനാഴ്ചത്തെ കണക്കുപ്രകാരം ഇത് 24,762 ആയി.