മുംബൈ : മറാഠാ സമുദായത്തിന് അർഹമായ സംവരണം ഉറപ്പുവരുത്തുന്നതിന് നടപടി സ്വീകരിക്കണമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറേ പ്രധാനമന്ത്രിയോടും രാഷ്ട്രപതിയോടും അഭ്യർഥിച്ചു. സർക്കാർ കൊണ്ടുവന്ന നിയമം സുപ്രീംകോടതി റദ്ദാക്കിയ സാഹചര്യത്തിൽ ഇക്കാര്യത്തിൽ ഇനി കേന്ദ്രത്തിനേ എന്തെങ്കിലും ചെയ്യാനാവൂ എന്ന് അദ്ദേഹം പറഞ്ഞു.

നിയമം ഭരണഘടനാ വിരുദ്ധമാണെന്ന സുപ്രീംകോടതി വിധി നിർഭാഗ്യകരമാണ്. ഇനി ഇക്കാര്യത്തിൽ സർക്കാരിന് എന്തെങ്കിലും ചെയ്യാനാവുമോ എന്ന് സംശയമാണ്. എന്നാൽ കേന്ദ്രത്തിന് കഴിയും. ഷാബാനു കേസുമായി ബന്ധപ്പെട്ടും ഭരണഘടനയുടെ 370-ാം വകുപ്പ് റദ്ദാക്കുന്നതിനുവേണ്ടിയും കേന്ദ്രം ഭരണഘടന ഭേദഗതി ചെയ്യുന്നതിന് അടിയന്തര നടപടി സ്വീകരിച്ചിട്ടുമുണ്ട്. ഇക്കാര്യത്തിലും അതുവേണമെന്ന് പ്രധാനമന്ത്രിയോടും രാഷ്ട്രപതിയോടും തൊഴുകൈകളോടെ അഭ്യർഥിക്കുകയാണ് -ഉദ്ധവ് പറഞ്ഞു.

ഗായക് വാഡ് കമ്മിഷന്റെ ശുപാർശപ്രകാരമാണ് മറാഠാ സംവരണം ഏർപ്പെടുത്തിയതെന്ന കാര്യം ഉദ്ധവ് ചൂണ്ടിക്കാണിച്ചു. സംസ്ഥാനത്തെ എല്ലാ രാഷ്ട്രീയ കക്ഷികളും െഎകകണ്ഠ്യേനയാണ് ബിൽ പാസാക്കിയത്. അതുകൊണ്ടുതന്നെ ഇക്കാര്യത്തിൽ കേന്ദ്രസർക്കാർ അടിയന്തര നടപടി സ്വീകരിക്കണം. സുപ്രീംകോടതി വിധി അപ്രതീക്ഷിതവും നിരാശാജനകവുമാണെന്നും വിധി പഠിച്ച ശേഷം ഉചിതമായ തീരുമാനെടുക്കുമെന്നും ഉപമുഖ്യമന്ത്രി അജിത് പവാർ പറഞ്ഞു.