മുംബൈ : എൻ.സി.പി. നേതാവ് ശരദ് പവാറിന്റെ തട്ടകമായ ബാരാമതിയിൽ ഒരാഴ്ച നീണ്ടുനിൽക്കുന്ന ലോക്ഡൗൺ പ്രഖ്യാപിച്ചു. മേയ് അഞ്ചുമുതൽ 11 വരെയാണ് ഇവിടെ കർശനനിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. ബാരാമതി താലൂക്ക് ഭരണാധികാരികളാണ് 94 ഗ്രാമപ്പഞ്ചായത്തുകളടങ്ങുന്ന ഇവിടെ ലോക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത്.

പുണെ ജില്ലാ രക്ഷാധികാരി മന്ത്രിയായ അജിത് പവാറിന്റെ നിർദേശപ്രകാരമായിരുന്നു ഇത്. പ്രദേശത്ത് കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്നത് കണക്കിലെടുത്ത് ശനിയാഴ്ച മന്ത്രിയുടെ നേതൃത്വത്തിൽ ഒരു യോഗം വിളിച്ചുചേർത്തിരുന്നു. രണ്ടു ദിവസംകൂടി നോക്കിയിട്ട് ആവശ്യമെങ്കിൽ കടുത്ത നിയന്ത്രണങ്ങളിലേക്ക് പോകാമെന്നാണ് മന്ത്രി അജിത് പവാർ നൽകിയ നിർദേശം. രോഗികളുടെ എണ്ണം കുറയാത്ത സാഹചര്യത്തിലാണ് കടുത്ത നിയന്ത്രണമാകാമെന്ന് താലൂക്ക് അധികാരികൾ തീരുമാനമെടുത്തത്.

നിയന്ത്രണം വന്നതിനെത്തുടർന്ന് അവശ്യസർവീസുകൾ ഒഴികെ ഇരുചക്രവാഹനങ്ങളടക്കം ഒരു വാഹനവും സഞ്ചരിക്കാൻ പാടില്ല. വ്യവസായസ്ഥാപനങ്ങൾ പ്രവർത്തിക്കുമെങ്കിലും ഇവിടേക്ക് തൊഴിലാളികളെ എത്തിക്കാൻ പ്രത്യേക ബസ് സർവീസ് ഏർപ്പെടുത്തണം. അല്ലെങ്കിൽ തൊഴിലാളികളെ കമ്പനിയുടെ അകത്തുതന്നെ താമസിപ്പിക്കണം. ഇതുവരെ ബാരാമതിയിൽ 19,901 പേർക്കാണ് കോവിഡ് പിടിപെട്ടത്.

387 പേർ മരിക്കുകയും ചെയ്തു. 15,558 പേർ രോഗമുക്തി നേടിയിട്ടുണ്ട്. നിലവിൽ ചികിത്സയിലുള്ളത് 3956 പേരാണ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 40 ശതമാനത്തിന് മുകളിലായിരുന്നത് ഇപ്പോൾ 30 ശതമാനത്തിൽ താഴെയെത്തിയിട്ടുണ്ട്. ദിവസം ശരാശരി 1500 കോവിഡ് പരിശോധനകളാണ് ബാരാമതിയിൽ നടക്കുന്നത്. ഒരാഴ്ചത്തെ ലോക്ഡൗൺ പ്രഖ്യാപനത്തിലൂടെ രോഗവ്യാപനം കുറയ്ക്കാൻ കഴിയുമെന്നാണ് അധികൃതർ കരുതുന്നത്.