മുംബൈ : മറാഠാ സംവരണത്തിനെതിരേ നടന്ന പോരാട്ടത്തിൽ പങ്കാളിയായി മലയാളി അഭിഭാഷകനും. മുംബൈ ഹൈക്കോടതി അഭിഭാഷകനായ പ്രേംലാൽ കൃഷ്ണനാണ് പോരാട്ടത്തിൽ പങ്കാളിയായത്. എം.ബി.ബി.എസും അതിനുശേഷമുള്ള ബിരുദാനന്തര ബിരുദത്തിനും വേണ്ടി പഠിക്കുന്ന വിദ്യാർഥികൾക്ക് വേണ്ടിയാണ് മറാഠാ സംവരണത്തെ മുൻനിർത്തി പ്രേംലാൽ കൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം കോടതിയിലെത്തിയത്. സംവരണം പാടില്ലെന്നും മറാഠാ വിഭാഗം എന്ന രീതിയിൽ വിഭജിച്ചത് ഭരണഘടനാരീതിയിൽ തെറ്റാണെന്ന വാദവും നിലവിൽ അമ്പത് ശതമാനത്തിന് സംവരണം നിലനിൽക്കെ അതിന് മുകളിൽ സംവരണം നൽകുന്നരീതി മുൻനിർത്തിയാണ് വാദമുഖങ്ങൾ അവതരിപ്പിച്ചതെന്ന് പ്രേംലാൽ കൃഷ്ണൻ പറഞ്ഞു. വിദ്യാഭ്യാസപരമായ കാര്യങ്ങളെ മുൻനിർത്തി മറാഠാ സംവരണം എങ്ങനെ ബാധിക്കുമെന്ന കാര്യമാണ് കോടതിയിൽ അവതരിപ്പിച്ചത്.

എം.ബി.ബി.എസ്. കഴിഞ്ഞവർ ബിരുദാനന്തര ബിരുദത്തിന് പഠനത്തിന് അപേക്ഷിക്കുമ്പോൾ സാമൂഹികമായും വിദ്യാഭ്യാസപരമായും എങ്ങനെയാണ് പിന്നാക്കമാകുന്നതെന്ന വാദവും കോടതിയിൽ ഉയർത്തുകയുണ്ടായെന്ന് പ്രേംലാൽ പറഞ്ഞു. പാൻ ഇന്ത്യ ലീഗൽ സർവീസ് എന്ന നിയമസ്ഥാപനത്തെയാണ് ഈ പോരാട്ടത്തിൽ പ്രേംലാൽ കൃഷ്ണൻ പ്രതിനിധാനം ചെയ്തത്.