മുംബൈ : കേരളത്തിന്റെ ചരിത്ര വർത്തമാനങ്ങളെ ആഴത്തിൽ ആവിഷ്കരിക്കുന്ന മാധ്യമമാണ് ചെറുകഥയെന്നും ജനാധിപത്യവും മതേതരത്വവും ആക്രമണം നേരിടുന്ന ഈ സമയത്ത് സാഹിത്യത്തിന് ഉറക്കെ പറയാനുള്ള ഉത്തരവാദിത്ത്വമുണ്ട് എന്ന് കഥാകാരൻ സന്തോഷ് ഏച്ചിക്കാനം പറഞ്ഞു. തന്റെ കൃതികൾ ചർച്ചചെയ്യപ്പെടുന്ന നെരൂളിലെ ന്യൂ ബോംബ കേരളീയസമാജത്തിന്റെ പ്രതിമാസ സാഹിത്യസദസ്സിൽ പ്രത്യേക സന്ദേശത്തിലാണ് സന്തോഷ് ഏച്ചിക്കാനം ഇതു പറഞ്ഞത്.

ഭാഷയുടെ ലാളിത്യവും കൈകാര്യംചെയ്യുന്ന വിഷയങ്ങളുടെ ഗഹനതയും രാഷ്ട്രീയബോധവും ആണ് സന്തോഷ് ഏച്ചിക്കാനത്തിന്റെ കഥകളുടെ മുഖമുദ്ര എന്ന് പത്രപ്രവർത്തകൻകൂടിയായ മോഡറേറ്റർ രഘു ബാലകൃഷ്ണൻ നിരീക്ഷിച്ചു. കൊമാല, ബിരിയാണി എന്നീ കഥകളെക്കുറിച്ച് പരാമർശിച്ച എഴുത്തുകാരി മാനസി ഏച്ചിക്കാനത്തിന്റെ കഥകൾ സമൂഹത്തിന് നേരെ പിടിക്കുന്ന കണ്ണാടിയാണെന്നും ഓരോ കഥയുംരക്ഷപ്പെടാനാവാത്തവിധം വായനക്കാരനെ തളച്ചിടുകയാണ് ചെയ്യുന്നതെന്നും അഭിപ്രായപ്പെട്ടു. എഴുതുന്ന വിഷയങ്ങളുടെ പുതുമയും വൈവിധ്യവും കൊണ്ട് ഇന്നത്തെ എഴുത്തുകാർ മലയാള ചെറുകഥാശാഖയ്ക്ക് ഒരു പുത്തൻവഴി വെട്ടിത്തെളിച്ചിരിക്കയാണ് എന്ന് നിരൂപകൻ സജയ് കെ.വി. അഭിപ്രായപ്പെട്ടു. ഡോ. എ. വേണുഗോപാൽ, ജി. വിശ്വനാഥൻ, സുരേഷ് വർമ, സുരേഷ് കണക്കൂർ, അജിത് ശങ്കരൻ, സി.കെ.കെ. പൊതുവാൾ, മനോജ് മുണ്ടയത്ത്, രുക്മണി സാഗർ, സഞ്ജയ് പി. ആർ, അനിൽ പ്രകാശ്, മധു നമ്പ്യാർ, ഷാജൻ, എൻ.കെ.ബി.എസ്. സെക്രട്ടറി വർഗീസ് ജോർജ്, കൺവീനർ രഞ്ജിത്ത് തുടങ്ങിയവർ സംസാരിച്ചു.