മുംബൈ : നഗരത്തിൽനിന്നു ഫെബ്രുവരി 17-ന് പരിശോധനയ്ക്കയച്ച 90 കോവിഡ് സാംപിളിൽ ഒന്നിൽ ബ്രിട്ടീഷ് വകഭേദം (ബി-1.1.7) കണ്ടെത്തിയെന്ന് അധികൃതർ. മറ്റുള്ളവയിൽ കാര്യമായ വ്യത്യാസമില്ലെന്നും അവസാന റിപ്പോർട്ട് ലഭിച്ചാൽമാത്രമേ കൃത്യമായ വിവരം ലഭിക്കൂവെന്നും അവർ വ്യക്തമാക്കി.

അന്ധേരിയിലെ സെവൻ ഹിൽസ് ആശുപത്രിയിൽ ചികിത്സയിൽക്കഴിയുന്ന മൂന്നുതരം (ചെറിയ ലക്ഷണങ്ങളുള്ളവർ, മോശമല്ലാത്ത അവസ്ഥയിലുള്ളർ, ഗുരുതരാവസ്ഥയിൽ കഴിയുന്നവർ) രോഗികളുടെ സ്രവങ്ങളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതിൽ ഒരാളുടേതിൽ മാത്രമാണ് ബ്രിട്ടീഷ് വകഭേദം കണ്ടെത്തിയതെന്ന് അഡീഷണൽ മുനിസിപ്പൽ കമ്മിഷണർ സുരേഷ് കകാണി പറഞ്ഞു.

നഗരത്തിൽ ബ്രിട്ടീഷ് വകഭേദത്തിലുള്ള കോവിഡ് പിടിപെട്ട മൂന്നുപേരെ ഇതുവരെ ചികിത്സിച്ചിട്ടുണ്ടെന്നും അതിനാൽ ഇത്തരം രോഗികൾ ഇനിയും ഉണ്ടായാലും പ്രതിരോധിക്കാൻ കിഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മഹാരാഷ്ട്രയിൽ ആകെ 13 പേർക്കാണ് ബ്രിട്ടീഷ് വകഭേദത്തിലുള്ള വൈറസ് കണ്ടെത്തിയത്.