മുംബൈ : മഹാരാഷ്ട്രയിലെ ജൽഗാവിൽ സർക്കാർവനിതാഹോസ്റ്റലിലെ അന്തേവാസികളെ നഗ്ന നൃത്തം ചെയ്യിപ്പിച്ചെന്ന ആരോപണത്തിൽപോലീസിന് ക്ലീൻചിറ്റ് നൽകി ആഭ്യന്തരമന്ത്രി. വനിതാ പോലീസ് സംഘം ഹോസ്റ്റലിലെത്തി ഇതേക്കുറിച്ച് അന്വേഷിച്ചുവെന്നും പോലീസുകാർ ആരും ഹോസ്റ്റലിൽ കയറിയിട്ടില്ലെന്ന് വ്യക്തമായിട്ടുണ്ടെന്നും മന്ത്രി അനിൽദേശ്‌മുഖ് നിയമസഭയെഅറിയിച്ചു.

മുതിർന്ന വനിതാപോലീസുകാർ ഉൾപ്പെടുന്ന സംഘമാണ് ഹോസ്റ്റലിൽ പോയി അന്വേഷണം നടത്തിയത്. 17 അന്തേവാസികളാണ് ഹോസ്റ്റലിലുള്ളത്. ഫെബ്രുവരി 17-ന് ഹോസ്റ്റലിൽ ഒരു കലാപരിപാടി സംഘടിപ്പിച്ചിരുന്നു. പാട്ടും ഡാൻസും കവിതാപാരായണവുമായിരുന്നു നടന്നത്. നൃത്തപരിപാടിയ്ക്കിടെ അസ്വസ്ഥത പ്രകടിപ്പിച്ച ഒരു പെൺകുട്ടി നീളമുള്ള പാവാട ഊരിയെറിഞ്ഞ സംഭവം ഉണ്ടായതായി അന്വേഷണ സംഘം റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു.

41 സാക്ഷികളെ പോലീസ് ചോദ്യംചെയ്തു. അവരാരും പോലീസുകാർ ഹോസ്റ്റലിനുള്ളിൽ കയറിയതായി മൊഴി നൽകിയിട്ടില്ല. വനിതാഹോസ്റ്റലായതിനാൽ പോലീസുകാർക്ക് അതിനകത്തേക്ക് പ്രവേശനമില്ലെന്നും മന്ത്രി വ്യക്തമാക്കി. ഇത്തരമൊരു സംഭവം നടന്നതായി പരാതി നൽകിയ സ്ത്രീക്ക് മാനസിക പ്രശ്നങ്ങൾ ഉണ്ടെന്നുള്ള കാര്യം അവരുടെ ഭർത്താവും വീട്ടുകാരും പോലീസിനെ അറിയിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

അനാഥരും അശരണരുമായ പെൺകുട്ടികളെ താമസിപ്പിക്കുന്ന ആശാദീപ് വിമൻസ് ഹോസ്റ്റലിലെ അന്തേവാസികളെക്കൊണ്ട് ഏതാനും പോലീസുകാരും അവരുടെ സൃഹൃത്തുക്കളും ചേർന്ന് നഗ്നനൃത്തം ചെയ്യിപ്പിച്ചുവെന്നായിരുന്നു ആരോപണം. നിയമസഭയിൽ ബി.ജെ.പി. അംഗം ശ്വേതാ മഹാലെയാണ് സംഭവത്തെക്കുറിച്ച് അന്വേഷണം വേണമെന്നാവശ്യപ്പെട്ടത്. മാധ്യമങ്ങൾ പ്രാധാന്യത്തോടെ സംഭവം റിപ്പോർട്ട് ചെയ്തതോടെ ഉടനെ റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ട് മന്ത്രി അന്വേഷണസമിതിയെ നിയോഗിക്കുകയായിരുന്നു.