നവി മുംബൈ: മഹാരാഷ്ട്രയിലെ ഏഴ് തീരദേശ ജില്ലകളിൽ ആറിലും കണ്ടൽ വനങ്ങളുടെ വിസ്തൃതിയിൽ വർധനയുണ്ടായതായി സർവേ ഫലം.

പാൽഘർ ഒഴികേയുള്ള തീരദേശ ജില്ലകളിൽ 2005 മുതൽ 2019 വരെയുള്ള കാലയളവിൽ കണ്ടൽ വനങ്ങളുടെ വിസ്തൃതിയിൽ 16 ശതമാനത്തിന്റെ വർധനയുണ്ടായെന്നാണ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട്ഓഫ് സ്‌പേസ് സയൻസ് ആന്റ് ടെക്‌നോളജി (ഐ.ഐ.എസ്.ടി.) വനംവകുപ്പുമായി സഹകരിച്ചു നടത്തിയ സർവേയിൽ കണ്ടെത്തിയിരിക്കുന്നത്. 2005-ൽ ആകെ 304.39 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ ഉണ്ടായിരുന്ന കണ്ടൽ വനങ്ങൾ 2019-ൽ 353.18 ചതുരശ്ര കിലോ മീറ്ററായി ഉയർന്നു 48.79 ചതുരശ്ര കിലോ മീറ്ററിന്റെ വർധനയാണ് ഉണ്ടായിരിക്കുന്നതെന്ന്‌ സർവേയിൽ വ്യക്തമാക്കുന്നു.

റായ്ഗഢ് ജില്ലയിലാണ് കണ്ടൽക്കാടുകളുടെ വിസ്തൃതിയിൽ ഏറ്റവും കൂടുതൽ വർധന ഉണ്ടായിരിക്കുന്നത് 22.20 ചതുരശ്ര കിലോ മീറ്ററിന്റെ വർധനയാണ് ഇവിടെയുണ്ടായത്. മുംബൈ തീരത്ത് 12.90 ചതുരശ്ര കിലോമീറ്റർ, താനയിൽ 6.40 ചതുരശ്ര കിലോ മീറ്റർ രത്‌നഗിരിയിൽ 3.01 ചതുരശ്ര കിലോ മീറ്റർ, സിന്ധുദുർഗിൽ 0.30 ചതുരശ്ര കിലോ മീറ്റർ എന്നിങ്ങനെയാണ് കണ്ടൽ വനങ്ങളുടെ വിസ്തൃതി കൂടിയത്.

അതേസമയം പാൽഘർ ജില്ലയിൽ കണ്ടൽക്കാടുകളുടെ വിസ്തൃതി കുറഞ്ഞെന്നു പഠനത്തിൽ പറയുന്നു. കണ്ടൽ വനനശീകരണവുമായി ബന്ധപ്പെട്ട് മുംബൈ ഹൈക്കോടതിയിൽ കേസുകൾ നിലനിൽക്കുന്ന സാഹചര്യത്തിൽ റിപ്പോർട്ട് ഉടൻ ഹൈക്കോടതിയിൽ സമർപ്പിക്കുമെന്ന് വനം വകുപ്പുദ്യോഗസ്ഥർ പറഞ്ഞു.

അതേസമയം കണ്ടൽ വനങ്ങളുടെ സാന്ദ്രതയാണ് കൂടിയതെന്നും ഇതിനെ വിസ്തൃതിയുടെ വർധനയായി കാണാൻ കഴിയില്ലെന്നും എന്നാൽ ജൈവ വൈവിധ്യം നിലനിർത്താൻ ഇത് സഹായകമാകുമെന്നുമാണ് പരിസ്ഥിതി പ്രവർത്തകനും സന്നദ്ധസംഘടനയായ വനശക്തിയുടെ ഡയറക്ടറുമായ ഡി. സ്റ്റാലിൻ പറയുന്നത്.

കണ്ടൽവന സംരക്ഷണ നിയമം ഫലപ്രദമായി നടപ്പിലാക്കിയത് ഗുണകരമായെന്നും എന്നാൽ സർവേ ഫലം കൂടുതൽ പഠനവിധേയമാക്കേണ്ടതുണ്ടെന്നും പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ വീരേന്ദർ തിവാരി പറഞ്ഞു.