മുംബൈ : സമരം തുടരുന്ന മഹാരാഷ്ട്രാ സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ ജീവനക്കാർക്കെതിരേ മഹാരാഷ്ട്ര അവശ്യ സർവീസ് നിയമ (മെസ്മ) പ്രകാരം നടപടിയെടുക്കാൻ സർക്കാർ ആലോചിക്കുന്നു. ഈ നിയമപ്രകാരം പൊതുസേവനത്തിന് തടസ്സമുണ്ടാക്കുന്നവരെ പോലീസിന് വാറന്റില്ലാതെ തന്നെ അറസ്റ്റ് ചെയ്ത് നടപടിയെടുക്കാം. സമരം അവസാനിപ്പിക്കാൻ പലതരത്തിലുള്ള നടപടികളിലേക്ക് സർക്കാർ നീങ്ങിയെങ്കിലും ഇതിനൊന്നും സമരക്കാർ വഴങ്ങിയിട്ടില്ല. ഇതേ തുടർന്നാണ് മെസ്മ പ്രകാരം ഇവർക്കെതിരേ നടപടിയെടുക്കാൻ സർക്കാർ ആലോചിക്കുന്നത്. ഗതാഗത വകുപ്പ് മന്ത്രി അനിൽ പരബ് ഇക്കാര്യം സൂചിപ്പിക്കുകയും ചെയ്തു.

കോർപ്പറേഷനെ സംസ്ഥാന സർക്കാരിന് കീഴിലാക്കുക എന്ന പ്രധാന ആവശ്യത്തിൽ ഉറച്ചുനിന്നുകൊണ്ടാണ് 35 ദിവസത്തിലധികമായ സമരം ഇപ്പോഴും തുടരുന്നത്. 92,000-ത്തിലധികം തൊഴിലാളികളാണ് സമരം തുടങ്ങിയതെങ്കിലും ശമ്പള വർധന അടക്കം പല ആനുകൂല്യങ്ങളും സർക്കാർ പ്രഖ്യാപിച്ചതിനെ തുടർന്ന് 20,000-ത്തോളം ജീവനക്കാർ സമരം നിർത്തി ജോലിയിൽ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ നല്ലൊരു വിഭാഗം ജീവനക്കാരും സമരത്തിൽനിന്ന്‌ പിന്തിരിയാൻ തയ്യാറായിട്ടില്ല.

'പൊതുജനത്തെ ഇത്രയധികം പ്രയാസത്തിലാക്കുന്ന സമരക്കാർക്കെതിരേ മെസ്മ പ്രയോഗിക്കാനും സർക്കാർ മടിക്കില്ല. ഭാവിയിൽ ഇതുണ്ടാകാൻ പാടില്ല. മുഖ്യമന്ത്രി ഉദ്ധവ് താക്കറെയും ഉപമുഖ്യമന്ത്രി അജിത് പവാറുമായി ചർച്ച ചെയ്ത് ഇക്കാര്യത്തിൽ ഉടൻ തന്നെ തീരുമാനമെടുക്കും. വാറന്റില്ലാതെ തന്നെ അറസ്റ്റ് ചെയ്ത് സമരക്കാരെ ഒരു വർഷം വരെ ജയിലിലിടാൻ ഈ നിയമ പ്രകാരം സാധിക്കും. 2000 രൂപ പിഴയും ഒടുക്കേണ്ടി വരും.'- മന്ത്രി അനിൽ പരബ് പറഞ്ഞു.

അതേസമയം മെസ്മ ട്രാൻസ്പോർട്ട് കോർപ്പറേഷൻ ജീവനക്കാർക്കെതിരേ പ്രയോഗിക്കാൻ കഴിയുമോയെന്ന സംശയം ചിലർ ഉയർത്തുന്നുണ്ട്. ആരോഗ്യ മേഖലയിലാണ് പലപ്പോഴും ഈ നിയമം പ്രയോഗിച്ചിട്ടുള്ളത്. എന്നാൽ ഗ്രാമീണ മേഖലയിലടക്കം പല സ്ഥലത്തും ജനങ്ങൾ ഉപയോഗിക്കുന്നത് എസ്.ടി. ബസുകളെയാണെന്നും അതിനാൽ കോർപ്പറേഷൻ ജീവനക്കാർക്കെതിരേ മെസ്മ പ്രയോഗിക്കുന്നതിൽ തെറ്റില്ലെന്നുമാണ് മന്ത്രി പറയുന്നത്.

താത്കാലിക ജീവനക്കാരെയടക്കം ഏകദേശം 12,000-ത്തിലധികം തൊഴിലാളികൾക്കെതിരെ കോർപ്പറേഷൻ ഇതുവരെ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ഇപ്പോഴും അത് തുടരുകയാണ്. പലർക്കും ലീഗൽ നോട്ടീസ് അയച്ചു കഴിഞ്ഞു. ജോലിയ്ക്കെത്തുന്നവരെ വെച്ച് നിലവിൽ ദിവസം 1500 ഓളം ബസ് സർവീസുകളാണ് ഇപ്പോൾ ഓടിക്കുന്നത്. 12,000 കോടിയോളം കടത്തിലുള്ള കോർപ്പറേഷനെ സർക്കാരിന് കീഴിലാക്കാൻ കഴിയില്ലെന്ന് നേരത്തേ തന്നെ വ്യക്തമാക്കിയിരുന്നു. അങ്ങിനെ ചെയ്താൽ അത് വലിയ ബാധ്യതയായിരിക്കും സർക്കാരിനുണ്ടാക്കുക. മാത്രമല്ല, സംസ്ഥാനത്തെ മറ്റ് 56 കോർപ്പറേഷനുകളും ഇതേ ആവശ്യവുമായി മുന്നോട്ട് വരാനുള്ള സാധ്യതയും സർക്കാർ മുന്നിൽ കാണുന്നുണ്ട്.