മുംബൈ : ഭീമ കൊറെഗാവ് കേസിൽ ജാമ്യത്തിലിറങ്ങിയ കവി വരവരറാവുവിന് തിരിച്ച് ഹാജരാകാനുള്ള സമയം ഡിസംബർ 20 വരെ നീട്ടിക്കൊണ്ട് ബോംബെ ഹൈക്കോടതി ഉത്തരവിട്ടു. ഒട്ടേറെ അസുഖങ്ങൾക്ക് ചികിത്സയിലുള്ള റാവുവിന്റെ സമഗ്ര ആരോഗ്യപരിശോധന നടത്തുന്നതിന് രണ്ടാഴ്ച സമയംകൂടി വേണമെന്ന് മുംബൈ നാനാവതി ആശുപത്രി അറിയിച്ച സാഹചര്യത്തിലാണ് ജസ്റ്റിസ് നിതിൻ ജമാദാറും സാരംഗ് കോട്‌വാളുമടങ്ങുന്ന ഡിവിഷൻ ബെഞ്ച് ഈ ഇളവ് നൽകിയത്.

ആരോഗ്യകാരണങ്ങൾ മുൻനിർത്തി ഫെബ്രുവരിയിലാണ് ബോംബൈ ഹൈക്കോടതി വരവരറാവുവിന് ആറുമാസത്തെ സോപാധിക ജാമ്യം അനുവദിച്ചത്. ഈ കേസിൽ അറസ്റ്റിലായ 16 മനുഷ്യാവകാശ പ്രവർത്തകരിൽ ജാമ്യം ലഭിക്കുന്ന ആദ്യത്തെയാളായിരുന്നു റാവു.

ഒട്ടേറെ ആരോഗ്യപ്രശ്നങ്ങൾ അലട്ടുന്ന തന്റെ ചികിത്സ തുടരുകയാണെന്നും അതുകൊണ്ട് ജാമ്യം നീട്ടിനൽകണമെന്നും ആവശ്യപ്പെട്ട് അദ്ദേഹം ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു.

റാവുവിന്റെ ജാമ്യം നീട്ടുന്നതിനെ എതിർത്ത എൻ.ഐ.എ., അദ്ദേഹത്തിന്റെ ആരോഗ്യപരിശോധന നടത്തണമെന്നും ചികിത്സ ആവശ്യമില്ലെങ്കിൽ ഹാജരാവാൻ നിർദേശിക്കണമെന്നും ആവശ്യപ്പെട്ടു. ഇതേത്തുടർന്നാണ് നാനാവതി ആശുപത്രിയോട് റാവുവിനെ സമഗ്ര ആരോഗ്യ പരിശോധനയ്ക്ക് വിധേയനാക്കാൻ നിർദേശിച്ചത്.

ഭീമ കൊറെഗാവ് യുദ്ധത്തിന്റെ ഇരുന്നൂറാം വാർഷികത്തിൽ 2018 ജനുവരി ഒന്നിനുണ്ടായ സംഘർഷങ്ങളുമായും അതിനുമുന്നോടിയായിനടന്ന എൽഗാർ പരിഷദ് എന്ന ദളിത് സംഗമവുമായും മാവോവാദി സംഘടനകളുമായും ബന്ധമുണ്ട് എന്നാരോപിച്ച് 2018 ഓഗസ്റ്റിലാണ് വരവര റാവുവിനെ പുണെ പോലീസ് അറസ്റ്റുചെയ്തത്. റാവുവിനൊപ്പം അറസ്റ്റു ചെയ്യപ്പെട്ട മനുഷ്യാവകാശ പ്രവർത്തക സുധ ഭരദ്വാജിന് ബോംബെ ഹൈക്കോടതി ബുധനാഴ്ച സ്വാഭാവികജാമ്യം അനുവദിച്ചിട്ടുണ്ട്. ഈ കേസിലെ കുറ്റപത്രം സ്വീകരിക്കുകയും പ്രതികളുടെ റിമാൻഡ് കാലാവധി നീട്ടുകയുംചെയ്ത പുണെ അഡീഷണൽ സെഷൻസ് കോടതിക്ക് അതിനുള്ള അധികാരമില്ലായിരുന്നു എന്ന വാദം അംഗീകരിച്ചാണ് ജാമ്യം.

എൻ.ഐ.എ. കോടതി ഡിസംബർ എട്ടിന് ജാമ്യവ്യവസ്ഥകൾ തീരുമാനിച്ചശേഷമേ അവർക്ക് പുറത്തിറങ്ങാൻ കഴിയൂ. ഹൈക്കോടതി വിധിക്കെതിരേ എൻ.ഐ. എ. സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്.