മുംബൈ : ബാറുടമയിൽനിന്ന് ഭീഷണിപ്പെടുത്തി പണം പിരിച്ചെന്ന കേസിൽ മുംബൈ പോലീസ് മുൻ കമ്മിഷണർ പരംബീർ സിങ്ങിനും മുൻ പോലീസ് ഓഫീസർ സച്ചിൻ വാസേക്കുമെതിരേ മുംബൈ പോലീസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. കഴിഞ്ഞദിവസം സർവീസിൽനിന്ന് സസ്പെൻഡ് ചെയ്യപ്പെട്ട സിങ്ങിനെതിരേ സമർപ്പിക്കപ്പെടുന്ന ആദ്യത്തെ കുറ്റപത്രമാണിത്.

മുംബൈ പോലീസ് കമ്മിഷണറായിരിക്കേ പരംബീർ സിങ് ഒമ്പതുലക്ഷം രൂപ ഭീഷണിപ്പെടുത്തി വാങ്ങിയെന്നു കാണിച്ച് ബിസിനസുകാരനായ ബിമൽ അഗർവാൾ നൽകിയ പരാതിയിലെടുത്ത കേസിലാണ് മുംബൈ ക്രൈംബ്രാഞ്ച് ശനിയാഴ്ച ചീഫ് മെട്രോപ്പൊളിറ്റൻ മജിസ്‌ട്രേറ്റ് എസ്.ബി. ഭാജിപാലേക്ക് മുമ്പാകെ കുറ്റപത്രം സമർപ്പിച്ചത്. പണം നൽകിയില്ലെങ്കിൽ തന്റെ ബാറുകളിലും ഹോട്ടലുകളിലും റെയ്ഡ് നടത്തുമെന്ന് സിങ് ഭീഷണിപ്പെടുത്തിയെന്ന് അഗർവാൾ പറഞ്ഞതായി കുറ്റപത്രത്തിൽ പറയുന്നു. പരംബീർ സിങ്ങിനുവേണ്ടി പണപ്പിരിവു നടത്തിയ സച്ചിൻ വാസേയും സുമിത് സിങ്, അൽപേഷ് പട്ടേൽ എന്നിവരും കേസിൽ കൂട്ടുപ്രതികളാണ്.

സമാനമായ അഞ്ചു കേസിൽ അന്വേഷണം നേരിടുന്ന പരംബീർ സിങ്ങിനെ സർവീസിൽനിന്നു സസ്പെൻഡ് ചെയ്തുകൊണ്ട് സംസ്ഥാന സർക്കാർ വ്യാഴാഴ്ച ഉത്തരവിറക്കിയിരുന്നു. വെള്ളിയാഴ്ച അദ്ദേഹം അതു കൈപ്പറ്റി. സർവീസ് ചട്ടങ്ങൾ ലംഘിക്കുകയും കൃത്യവിലോപം കാണിക്കുകയും ചെയ്തെന്ന് ബോധ്യമായതുകൊണ്ടാണ് നിലവിൽ മഹാരാഷ്ട്ര ഹോംഗാർഡിന്റെ ഡയറക്ടർ ജനറലായ സിങ്ങിനെ സസ്പെൻഡ് ചെയ്യുന്നതെന്നാണ് ഉത്തരവിൽ പറയുന്നത്.

മുകേഷ് അംബാനിയുടെ വസതിക്കുമുന്നിൽ സ്ഫോടകവസ്തുക്കൾ വെച്ചകേസിൽ അന്വേഷണ ഉദ്യോഗസ്ഥനായ സച്ചിൻ വാസേ അറസ്റ്റിലായതോടെയാണ് അന്ന് മുംബൈ പോലീസ് കമ്മിഷണറായിരുന്ന പരംബീർ സിങ് ഉദ്ധവ് താക്കറെ സർക്കാരിന് അനഭിമതനായത്. ഹോംഗാർഡിലേക്ക് സ്ഥലംമാറ്റപ്പെട്ട സിങ് അന്നത്തെ ആഭ്യന്തര മന്ത്രി അനിൽ ദേശ്‌മുഖിനെതിരേ അഴിമതിയാരോപണം ഉന്നയിക്കുകയായിരുന്നു.

സിങ്ങിന്റെ പരാതിയെത്തുടർന്ന് രാജിവെക്കേണ്ടിവന്ന ദേശ്‌മുഖിനെ അനധികൃത പണമിടപാടുകേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റുചെയ്തെങ്കിലും സിങ്ങിനെതിരേയുള്ള പരാതികൾ പൊടിതട്ടിയെടുത്ത് മഹാരാഷ്ട്ര പോലീസ് അദ്ദേഹത്തിനെതിരേ അന്വേഷണങ്ങൾ തുടങ്ങുകയായിരുന്നു. ഇതോടെ മെഡിക്കൽ ലീവിൽ പോയ സിങ് ആറുമാസംനീണ്ട അജ്ഞാതവാസത്തിനുശേഷമാണ് മുംബൈയിൽ തിരിച്ചെത്തിയത്.

ബോംബുകേസിൽ അറസ്റ്റുചെയ്യപ്പെട്ട് ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന സച്ചിൻ വാസേയെ സർവീസിൽനിന്ന് പുറത്താക്കിയിരിക്കുകയാണ്.