മരണത്തിൽ ദുരൂഹതയില്ലെന്ന് കുടുംബം

മുംബൈ : വ്യാഴാഴ്ച അന്തരിച്ച നടൻ സിദ്ധാർഥ് ശുക്ലയ്ക്ക് കലാലോകം അന്ത്യാഞ്ജലിയർപ്പിച്ചു. വെള്ളിയാഴ്ച വൈകീട്ട് ഓഷിവാരയിലെ ശ്മശാനത്തിലായിരുന്നു ശവസംസ്കാരം.

സിനിമാ, ടെലിവിഷൻ താരവും ബിഗ്‌ബോസ് റിയാലിറ്റി ഷോ ജേതാവുമായ സിദ്ധാർഥ് മുംബൈയിലെ വസതിയിൽ ഉറക്കത്തിലുണ്ടായ ഹൃദയാഘാതത്തെത്തുടർന്ന് നാൽപതാം വയസ്സിലാണ് മരണമടഞ്ഞത്.

സിദ്ധാർഥിന്റെ മരണത്തിൽ ദുരൂഹതയൊന്നുമില്ലെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു. മൃതദേഹത്തിൽ മുറിവുകളൊന്നും ഇല്ലായിരുന്നെന്നും ഹൃദയാഘാതംതന്നെയാണ് മരണകാരണം എന്നാണ് കരുതുന്നതെന്നും കൂപ്പർ ആശുപത്രി വ്യക്തമാക്കി. ആന്തരാവയവ പരിശോധനയ്ക്കുശേഷമേ മരണകാരണത്തിൽ അന്തിമതീർപ്പ്‌ കൽപ്പിക്കാനാവൂ.

പുഷ്പാലംകൃതമായ ആംബുലൻസിൽ ഓഷിവാര ശ്മശാനത്തിലെത്തിച്ച സിദ്ധാർഥിന്റെ മൃതദേഹം അവസാനമായി കാണാൻ സിനിമാ, ടെലിവിഷൻ മേഖലകളിലെ സഹപ്രവർത്തകരും കുടുംബാംഗങ്ങളും ആരാധകരും എത്തിയിരുന്നു.

സിദ്ധാർഥിന്റെ കൂട്ടുകാരിയും ബിഗ്‌ബോസിലെ സഹതാരവുമായ ഷഹനാസ് ഗിൽ, ജയ് ഭാനുശാലി, മഹി വിജ്, അസിം റിയാസ്, ഷെഫാലി ജാരിവാല, രാഹുൽ മഹാജൻ തുടങ്ങിയവർ പ്രിയ താരത്തിന് അന്ത്യാഞ്ജലിയർപ്പിച്ചു.

ബിഗ് ബോസ് റിയാലിറ്റി ഷോയുടെ 2019-ൽ സംപ്രേഷണംചെയ്ത പതിമൂന്നാം പതിപ്പിൽ ജേതാവായ സിദ്ധാർഥ് ശുക്ല ബാലികാവധു, ഫിയർ ഫാക്ടർ: ഖത്രോം കേ ഖിലാഡി 7, സാവ്ധാൻ ഇന്ത്യ, ഇന്ത്യാസ് ഗോട്ട് ടാലന്റ് തുടങ്ങിയ ടെലിവിഷൻ പരിപാടികളിലൂടെയാണ് ശ്രദ്ധേയനായത്. 2005-ൽ തുർക്കിയിൽ നടന്ന വേൾഡ്‌സ് ബെസ്റ്റ് മോഡൽ മത്സരത്തിൽ ജേതാവായിരുന്നു. 2004-ൽ ഗ്ലാഡ്‌റാഗ്‌സ് മാൻഹണ്ട് കോണ്ടെസ്റ്റിൽ രണ്ടാമതെത്തി. കൂട്ടുകാരി ഷെഹനാസ് ഗില്ലുമൊത്ത് സംഗീത ആൽബങ്ങളിലും ടെലിവിഷൻ ഷോകളിലും അഭിനയിച്ചിട്ടുള്ള സിദ്ധാർഥ് ശുക്ല ഏകതാ കപൂറിന്റെ ബ്രോക്കൺ ബട്ട് ബ്യൂട്ടിഫുളിലാണ് അവസാനം അഭിനയിച്ചത്.