താനെ : താനെ ജില്ലയിൽ നിയമപരമായി കുട്ടികളെ ദത്തെടുക്കുന്നത് വർധിച്ചുവരുന്നതായി താനെ ജില്ലാ സ്ത്രീ, ശിശുക്ഷേമ വിഭാഗം വെളിപ്പെടുത്തി. ആൺകുട്ടികളെ അപേക്ഷിച്ച് പെൺകുട്ടികളെ ദത്തെടുക്കാനാണ് പലരും താത്‌പര്യം കാട്ടുന്നതെന്ന് സ്ത്രീ, ശിശുക്ഷേമവിഭാഗം വ്യക്തമാക്കി.

താനെ ജില്ലാ സ്ത്രീ, ശിശുക്ഷേമ വിഭാഗത്തിന്റെ മാർഗനിർദേശത്തിൽ പ്രവർത്തിക്കുന്ന നവിമുംബൈ നെരൂളിലെ വിശ്വ ബാലക് ട്രസ്റ്റ്, ഡോംബിവിലിയിലെ ജനനി ആശിഷ് ശിശു കേന്ദ്രം എന്നിവിടങ്ങളിൽനിന്ന് നാലുവർഷത്തിനിടയിൽ മൊത്തം 176 കുട്ടികളെ ദത്തെടുത്തിട്ടുണ്ട്.

ഇങ്ങനെ വിശ്വ ബാലക് ട്രസ്റ്റിൽനിന്ന് ദത്തെടുക്കപ്പെട്ട കുട്ടികളിൽ 61 പെൺകുട്ടികളും 39 ആൺകുട്ടികളും ജനനി ആശിഷ് ശിശുകേന്ദ്രത്തിൽനിന്ന് 43 പെൺകുട്ടികളും 33 ആൺകുട്ടികളും പെടുന്നു.

അതിൽത്തന്നെ ആൺകുട്ടികളും പെൺകുട്ടികളുമടക്കം 42 കുട്ടികളെ വിദേശത്തുള്ള ദമ്പതിമാരാണ് ദത്തെടുത്തിരിക്കുന്നത്.

പെൺകുട്ടികളെ ദത്തെടുക്കാൻ കാണിക്കുന്ന താത്‌പര്യം ആശാവഹമായ ഒരു പ്രവണതയായിട്ടാണ് സ്ത്രീ, ശിശുക്ഷേമ വിഭാഗം വിലയിരുത്തുന്നത്. നെരൂളിലെ വിശ്വ ബാലക് ട്രസ്റ്റ്, ഡോംബിവിലിയിലെ ജനനി ആശിഷ് ശിശുകേന്ദ്രം എന്നിവിടങ്ങളിൽനിന്ന് നിയമപരമായി കുട്ടികളെ ദത്തെടുക്കുന്ന പ്രക്രിയ സെൻട്രൽ അഡോപ്‌ഷൻ റിസോഴ്‌സ് അസോസിയേഷന്റെ അംഗീകാരത്തോടെയാണ് നടക്കുന്നത്.