വസായ് : പ്രമേഹംമൂലം ഒരു കാൽ മുറിച്ചു മാറ്റിയ മലയാളി സ്ത്രീക്ക് കല്യാൺ ഡോംബിവിലി ക്രിസ്ത്യൻ അസോസിയേഷൻ പ്രവർത്തകർ (കെ.ഡി.സി.എ.) വീൽച്ചെയർ സംഭാവന ചെയ്തു. വസായ് വെസ്റ്റ് മാണിക്പൂർ നവാപാഡയിലെ ലൂയീസ് മറിയം ലോപസ് ചാലിലെ റൂം നമ്പർ 17-ൽ താമസക്കാരിയും മലപ്പുറം എടക്കര സ്വദേശിനിയുമായ വത്സമ്മ ജോർജിനാണ് വീൽച്ചെയർ നൽകിയത്.

രണ്ടുവർഷം മുമ്പ് ഇവരുടെ ഇടതുകാൽ പ്രമേഹംമൂലം മുറിച്ചു മാറ്റിയിരുന്നു. ഒരു സ്വകാര്യസ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന ഭർത്താവ്‌ ജോർജ് ഹൃദയാഘാതം മൂലം അഞ്ചുവർഷം മുമ്പ് മരിച്ചു. പിന്നീട് മാനസികരോഗത്തിന് ചികിത്സയിലായ രണ്ട് മക്കളുമൊത്ത് സുമനസ്സുകളുടെ സഹായംകൊണ്ടാണ് വത്സമ്മയും മക്കളും കഷ്ടപ്പെട്ട് ജീവിതം തുടർന്നുപോരുന്നത്.

കാല് മുറിച്ചു മാറ്റിയശേഷം താത്കാലികമായി ഒരാൾ നൽകിയ വീൽച്ചെയർ തിരിച്ചു കൊടുക്കേണ്ടിവന്നു. ഈ സാഹചര്യത്തിലാണ് കെ.ഡി.സി.എ. പ്രസിഡന്റ് പോളി ജേക്കബിന്റെ നേതൃത്വത്തിൽ അംഗങ്ങളായ ജോർജ് റാഫേൽ, ബിനോയ് ദേവസ്യ, അനീഷ് ആന്റണി, ഡേവിഡ് ഷെബിൻ വർഗീസ്, സണ്ണി ആന്റണി എന്നിവർ വത്സമ്മയുടെ വസതിയിലെത്തി വീൽച്ചെയർ സംഭാവനചെയ്തത്. കല്യാൺ ഡിസ്ട്രിക്റ്റ് കോൺഗ്രസിന്റെ മനുഷ്യാവകാശ വിഭാഗം പ്രസിഡന്റ് രാജ്‌കുമാർ ഹിരാവാത്, സെക്രട്ടറി വിനോദ് പിള്ള, രാജീവ് നായർ, സുനിൽ ചവാൻ, ശ്രേയസ് സിങ് എന്നിവരും വത്സമ്മയെ സന്ദർശിച്ചു. വത്സമ്മയുടെ ഫോൺ നമ്പർ - 9209224377.