മുംബൈ : മുൻ മുംബൈ പോലീസ് കമ്മിഷണർ പരംബീർ സിങ്ങിനെതിരേ കർക്കശ നിയമമായ മക്കോക്ക ചുമത്തണമെന്ന് സിങ്ങിനെതിരേ നേരത്തേ പരാതി നൽകിയ കെട്ടിടനിർമാതാവ് കേതൻ തന്ന ആവശ്യപ്പെട്ടു. ഈ ആവശ്യമുന്നയിച്ച് താനെ പോലീസ് കമ്മിഷണർക്ക് കേതൻ തന്ന കത്തുനൽകി.

താനെ പോലീസ് കമ്മിഷണർ ആയിരിക്കേ കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി പരംബീർ സിങ് 1.25 കോടി രൂപ പിടിച്ചുവാങ്ങി എന്നുപരാതിപ്പെട്ട് കേതൻ തന്ന മഹാരാഷ്ട്ര ഡി.ജി.പി. ക്ക് പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ സിങ്ങിനെതിരേ താനേ പോലീസ് കഴിഞ്ഞദിവസം പ്രഥമവിവര റിപ്പോർട്ട് രജിസ്റ്റർ ചെയ്തിട്ടുണ്ട്. മുംബൈ പോലീസിലെ ഏറ്റുമുട്ടൽ വിദഗ്ധനായിരുന്ന പ്രദീപ് ശർമയും ഇപ്പോൾ സർവീസിലുള്ള ആറു പോലീസുകാരും അധോലോകക്കുറ്റവാളി രവി പൂജാരിയും കേസിൽ കൂട്ടുപ്രതികളാണ്. വാതുവെപ്പുകേസിൽ അറസ്റ്റുചെയ്യുമെന്ന് ഭീഷണിപ്പെടുത്തി മൂന്നുകോടി രൂപ വാങ്ങിയെന്ന് തന്നയുടെ സുഹൃത്ത് സോനു ജലാനിന്റെ പരാതിയും ഇതോടൊപ്പം അന്വേഷിക്കുന്നുണ്ട്.

ഈ കേസിൽ പ്രഥമവിവര റിപ്പോർട്ട് രജിസ്റ്റർ ചെയ്തതിനു പിന്നാലെയാണ്, സംഘടിത കുറ്റകൃത്യവും ഭീകരപ്രവർത്തനവും തടയുന്നതിന് മഹാരാഷ്ട്ര സർക്കാർ കൊണ്ടുവന്ന കർക്കശനിയമമായ മക്കോക്കയിലെ വകുപ്പുകൾ പ്രതികൾക്കെതിരേ ചുമത്തണമെന്നാവശ്യപ്പെട്ട് തന്ന കത്തുനൽകിയത്. മക്കോക്ക ചുമത്തപ്പെട്ടാൽ പ്രതിക്ക്‌ മുൻകൂർ ജാമ്യംലഭിക്കില്ല. പ്രതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യാൻ അന്വേഷണോദ്യോഗസ്ഥർക്ക് എളുപ്പമാണ്. അറസ്റ്റുനടന്നാൽ ജാമ്യംകിട്ടാൻ എളുപ്പമാവുകയുമില്ല. നിർബന്ധിത പണപ്പിരിവ്, ഗൂഢാലോചന, കൈയേറ്റം, കവർച്ച തുടങ്ങിയകുറ്റങ്ങളാണ് താനെ പോലീസ് രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറിൽ സിങ്ങിനും 27 കൂട്ടുപ്രതികൾക്കു മെതിരേ ചുമത്തിയിട്ടുള്ളത്.

സംസ്ഥാന സർക്കാരുമായി ഇടഞ്ഞ സിങ്ങിനെതിരേയെടുക്കുന്ന നാലാമത്തെ കേസാണിത്. പരംബീർ സിങ്ങിനെതിരേ സമാന ആരോപണങ്ങൾ ഉന്നയിച്ച് കെട്ടിടനിർമാതാവായ ശരദ് അഗർവാൾ താനെ പോലീസിനും അമ്മാവൻ ശ്യാം സുന്ദർ അഗർവാൾ മുംബൈ പോലീസിനും നൽകിയ പരാതികൾ അന്വേഷിക്കുന്നതിന് മുംബൈ പോലീസ് ബുധനാഴ്ച പ്രത്യേകാന്വേഷണ സംഘത്തിന്(എസ്.ഐ.ടി.) രൂപം നൽകിയിരുന്നു. അനൂപ് ദംഗേ എന്ന പോലീസ് ഓഫീസർ നൽകിയ പരാതിയിൽ സിങ്ങിനെതിരേ അന്വേഷണം നടത്തുന്നതിന് മഹാരാഷ്ട്ര അഴിമതി വിരുദ്ധ ബ്യൂറോ(എ.സി.ബി.)യ്ക്ക് സംസ്ഥാന സർക്കാർ അനുമതി നൽകിയിട്ടുണ്ട്. തനിക്കെതിരായ അന്വേഷണങ്ങൾക്കെതിരേ പരംബീർ സിങ് നൽകിയ ഹർജി ബോംബെ ഹൈക്കോടതിയുടെ പരിഗണനയിലാണ്. ആഭ്യന്തരമന്ത്രിയായിരുന്ന അനിൽ ദേശ്മുഖിനെതിരേ പരാതി നൽകിയതു കാരണം പ്രതികാരനടപടിയായാണ് അന്വേഷണങ്ങൾ തുടങ്ങിയതെന്നാണ് സിങ് ഹർജിയിൽ പറയുന്നത്.