മുംബൈ : ഭീമ കൊറെഗാവ് കേസിൽ വിചാരണ കാത്തു കഴിയുന്ന പ്രതികളെ തലോജ സെൻട്രൽ ജയിലിൽനിന്ന് മറ്റു ജയിലുകളിലേക്ക് മാറ്റാനുള്ള ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കുടുംബാംഗങ്ങൾ ബോംബെ ഹൈക്കോടതിയിൽ ഹർജി നൽകി.

തടവുകാരുടെ അവകാശങ്ങൾക്കുവേണ്ടി ശബ്ദമുയർത്തിയതിനുള്ള ശിക്ഷയായാണ് ഇവരെ വ്യത്യസ്തജയിലുകളിലേക്ക് മാറ്റാൻ ശ്രമിക്കുന്നതെന്ന് മൂന്ന് പ്രതികളുടെ കുടുംബാംഗങ്ങൾ നൽകിയ ഹർജിയിൽ പറയുന്നു.

ഭീമ കൊറെഗാവ് യുദ്ധത്തിന്റെ ഇരുനൂറാം വാർഷികത്തിനുമുമ്പും ശേഷവുമുണ്ടായ സംഘർഷത്തിൽ പങ്കുണ്ടെന്നാരോപിച്ച് രാജ്യത്തിന്റെ വിവിധഭാഗങ്ങളിൽനിന്നായി 16 മനുഷ്യാവകാശപ്രവർത്തകരയെയാണ് അറസ്റ്റുചെയ്തത്.

ഇതിൽ പത്തുപേർ തലോജ ജയിലിലും മൂന്നുപേർ ബൈക്കുള വനിതാജയിലിലുമാണ്. കവി വരവര റാവുവിന് മാത്രമാണ് ജാമ്യം ലഭിച്ചത്.

ആദിവാസിക്ഷേമ പ്രവർത്തകൻ ഫാ. സ്റ്റാൻ സ്വാമി ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയവേ മരണടമടഞ്ഞു. ഡൽഹി യൂണിവേഴ്‌സിറ്റിയിലെ അസോസിയേറ്റ് പ്രൊഫസർ എം.ടി. ഹാനി ബാബു മുംബൈ ബ്രീച്ച് കാൻഡി ആശുപത്രിയിൽ ചികിത്സയിലാണ്.

തലോജ ജയിലിലുള്ള പ്രതികളെ മറ്റുജയിലുകളിലേക്ക് മാറ്റുന്നതിന് പ്രത്യേക എൻ.ഐ.എ. കോടതി ജഡ്ജി ഡി.ഇ. കൊതാലിക്കറാണ് അനുമതി നൽകിയത്.

നോട്ടീസ് നൽകാതെയും തടവുകാരുടെ ഭാഗം കേൾക്കാതെയുമായിരുന്നു ഉത്തരവെന്ന് ഹർജിയിൽ പറയുന്നു. വ്യത്യസ്ത ജയിലുകളിലേക്ക് മാറ്റിയാൽ കുറ്റപത്രം പഠിച്ച് കോടതിനടപടികളിൽ ഫലപ്രദമായി പങ്കെടുക്കുന്നതിന് കഴിയില്ലെന്ന് ഹർജി ചൂണ്ടിക്കാണിക്കുന്നു.