മുംബൈ : കോവിഡ് രോഗികളുടെ എണ്ണം കൂടിവരുന്ന നാഗ്പുരിൽ രോഗികളെ ചികിത്സിക്കാൻ ഐസൊലേഷൻ കോച്ചുകളും. മധ്യറെയിൽവേ ഇതിനായി 11 കോച്ചുകളാണ് നാഗ്പുർ മുനിസിപ്പൽ കോർപ്പറേഷന് അനുവദിച്ചിരിക്കുന്നത്. 12 നോൺ എ.സി. കോച്ചുകളടങ്ങിയ ഒരു റേക്ക് (വണ്ടി) ആണ് ഇതിനായി റെയിൽവേ നീക്കി വെച്ചത്. ഇതിൽ ഒരു കോച്ച് മെഡിക്കൽ ജീവനക്കാർക്ക് വേണ്ടിയാണ്. നാഗ്പുർ ജില്ലയിലെ അജ്‌നി റെയിൽവേസ്റ്റേഷന് സമീപമാണ് ഈ കോവിഡ് കെയർ സെന്റർ പ്രവർത്തിക്കുന്നത്. ഓരോ ഐസൊലേഷൻ കോച്ചിലും 16 കിടക്കകളാണ് വീതമാണുള്ളത്. അജ്‌നിയിലുള്ള റേക്കിൽ 176 രോഗികളെ ചികിത്സിക്കാൻ കഴിയും. ചെറിയ രോഗലക്ഷണങ്ങൾ ഉള്ളവരെയും രോഗലക്ഷണങ്ങളൊന്നുമില്ലാത്ത രോഗികളെയുമായിരിക്കും ഈ റെയിൽവേ കോച്ചുകളിൽ ചികിത്സിക്കുക. ആർക്കെങ്കിലും വിദഗ്ധചികിത്സ വേണ്ടി വന്നാൽ പെട്ടെന്ന് ആശുപത്രിയിൽ എത്തിക്കാൻ ഒരു ആംബുലൻസും ഇവിടെയുണ്ട്. ഓരോ കോച്ചിലും രണ്ട് ഓക്സിജൻ സിലിൻഡറുകളും കരുതിയിട്ടുണ്ട്. കോച്ചുകളുടെ ജനലുകളിൽ കൂളറുകൾ സ്ഥാപിച്ചിട്ടുണ്ട്. മാത്രമല്ല കൊതുകുവലയും ഓരോ കിടക്കയിലും ഒരുക്കിയിട്ടുണ്ട്.

നാഗ്പുർ മുനിസിപ്പൽ കോർപ്പറേഷനാണ് ഇവിടേക്ക്‌ വേണ്ട ഡോക്ടർമാരെയും മറ്റു ജീവനക്കാരെയും അനുവദിച്ചിരിക്കുന്നത്. ഇതേരീതിയിൽ നന്ദൂർബാറിലേക്കും പാൽഘർ ജില്ലയിലേക്കുമായി പശ്ചിമ റെയിൽവേയും ഐസൊലേഷൻ കോച്ചുകൾ നൽകിയിരുന്നു.