മുംബൈ : സിറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ മേധാവി അദാർ പൂനാവാലയെ ഭീഷണിപ്പെടുത്തിയത് ആരാണെന്ന് അദ്ദേഹം വെളിപ്പെടുത്തണമെന്ന് മഹാരാഷ്ട്ര ആഭ്യന്തര സഹമന്ത്രി ശംഭുരാജ് ദേശായിയും കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് നാനാ പട്ടോളെയും ആവശ്യപ്പെട്ടു. പൂനാവാലയ്ക്ക് പൂർണ സുരക്ഷ ഉറപ്പുവരുത്തുമെന്ന് ഇരുവരും വ്യക്തമാക്കി.

വാക്സിൻ ലഭ്യതയുടെ പ്രശ്നത്തിൽ തനിക്ക് സുരക്ഷാഭീഷണിയുണ്ടെന്ന് കഴിഞ്ഞമാസം പൂനാവാല അറിയിച്ചിരുന്നു. ഇതനുസരിച്ച് കേന്ദ്ര സർക്കാർ അദ്ദേഹത്തിന് ‘വൈ കാറ്റഗറി’ സുരക്ഷ നൽകാൻ തീരുമാനിക്കുകയുംചെയ്തു. ലണ്ടനിലുള്ള കുടുംബാംഗങ്ങളുടെ അടുത്തേക്കുപോയ പൂനാവാല അവിടെ വെച്ച് ‘ദ ടൈംസ്’ ദിനപത്രത്തിന് നൽകിയ അഭിമുഖത്തിലാണ് ഭീഷണിയെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്തിയത്.

വളരെ ശക്തരായ ചിലരാണ് ഫോണിൽ തന്നെ ഭീഷണിപ്പെടുത്തിയതെന്നും അത് നിസ്സാരഭീഷണി ആയിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. തന്നെ ഭീഷണിപ്പെടുത്തിയവരിൽ മുഖ്യമന്ത്രിമാരും വ്യവസായസാമ്രാജ്യങ്ങളുടെ അധിപൻമാരും ഉൾപ്പെടുന്നതായും അദ്ദേഹം പറഞ്ഞിരുന്നു.

ഭീഷണിപ്പെടുത്തിയ നേതാക്കളുടെ പേരുവിവരം അദാർ പൂനാവാല വെളിപ്പെടുത്തണമെന്ന് കോൺഗ്രസ് നേതാവ് നാനാ പട്ടോളെ പറഞ്ഞു. ഈ രാജ്യത്തുവെച്ച് ആരും അദ്ദേഹത്തെ ഉപദ്രവിക്കില്ലെന്ന് കോൺഗ്രസ് ഉറപ്പുവരുത്തും. അതിന്റെ ഉത്തരവാദിത്വം കോൺഗ്രസ് ഏൽക്കും. പക്ഷേ, ഏതുനേതാവാണ് തന്നെ ഭീഷണിപ്പെടുത്തിയത് എന്നദ്ദേഹം വെളിപ്പെടുത്തണം -പട്ടോളെ പറഞ്ഞു. ഇന്ത്യയിലില്ലാത്ത ഒരാൾക്ക് കേന്ദ്രസർക്കാർ ‘വൈ കാറ്റഗറി’ സുരക്ഷ നൽകുന്നത് സംശയാസ്പദമാണെന്ന് പട്ടോളെ പറഞ്ഞു. ആരെങ്കിലും ഭീഷണിപ്പെടുത്തിയിട്ടുണ്ടെങ്കിൽ പൂനാവാല പോലീസിന് രേഖാമൂലം പരാതി നൽകണമെന്ന് ആഭ്യന്തര സഹമന്ത്രി ശംഭുരാജ് ദേശായി പറഞ്ഞു.

പരാതി കിട്ടിയാലുടൻ പോലീസ് ഇതേക്കുറിച്ചന്വേഷിക്കും. കർശന നടപടി സ്വീകരിക്കുകയും ചെയ്യും - മന്ത്രി പറഞ്ഞു.

അതേസമയം, പൂനാവാലയെ ശിവസേനാ നേതാക്കൾ ഭീഷണിപ്പെടുത്തിയെന്ന് ഒരു ടെലിവിഷൻ ചാനലിൽ വന്ന പരാമർശത്തിൽ പാർട്ടി പ്രതിഷേധം പ്രകടിപ്പിച്ചു. അടിസ്ഥാനരഹിതമായ ആരോപണമുന്നയിച്ച വാർത്താ അവതാരകനെതിരേ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ചാനൽ മേധാവികൾക്ക് ശിവസേന കത്തയച്ചു.

ശിവസേനയുടെ പ്രാദേശികനേതാക്കൾ തന്നെ ഘെരാവോ ചെയ്യുന്നതിന്റെ വീഡിയോ അദാർ പൂനാവാല തനിക്ക് അയച്ചുതന്നിട്ടുണ്ടെന്നാണ് ചാനലിലെ അവതാരകൻ പറഞ്ഞത്.