പുണെ : പിംപ്രി-ചിഞ്ച്‌വാഡ് മുനിസിപ്പൽ കോർപ്പറേഷനിൽ ഇതുവരെയുള്ളതിൽ ഏറ്റവും കൂടുതൽ കോവിഡ് കേസുകളും മരണങ്ങളുമാണ് ഏപ്രിൽ മാസത്തിൽ റിപ്പോർട്ട് ചെയ്തത്.

കോർപ്പറേഷൻ ആരോഗ്യ വകുപ്പിന്റെ കണക്കനുസരിച്ചു കഴിഞ്ഞ മാസത്തിൽ 70,285 പോസിറ്റീവ് കേസുകളും 1488 മരണങ്ങളുമാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

നഗരത്തിൽ 2020 മാർച്ചിൽ ആദ്യത്തെ പോസിറ്റീവ് കേസ് റിപ്പോർട്ട് ചെയ്ത ശേഷമുള്ള ഏറ്റവും ഉയർന്ന പ്രതിമാസ കോവിഡ് കണക്കാണിത്. പി.സി.എം.സി. ആരോഗ്യവകുപ്പിന്റെ കണക്കനുസരിച്ച്, ഏപ്രിൽ മാസത്തിൽ 2000-3000 പ്രതിദിന കോവിഡ് പോസിറ്റീവ് കേസുകളാണ് രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുണ്ട്.

ആദ്യമായി പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം 3000 കടക്കുന്നത് ഏപ്രിലിലാണ്. മാർച്ചിൽ 34,000- ത്തോളം കേസുകളാണ് പിംപ്രി-ചിഞ്ച്‌വാഡിൽ ഉണ്ടായിരുന്നതെങ്കിൽ ഏപ്രിലിൽ ഇത് ഇരട്ടിയായി 70,285 കേസുകളായി. പിംപ്രി-ചിഞ്ച്‌വാഡിൽ ഇതുവരെ 2,17,495 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്.

ഇവരിൽ 43 ശതമാനം പേരും 22-39 വയസ്സിനിടയിലുള്ളവരാണ്.

കോവിഡ് ബാധിച്ചവരിൽ 60 ശതമാനം പുരുഷന്മാരും 40 ശതമാനം സ്ത്രീകളുമാണ്. 1,92,784 പേർ രോഗമുക്തി നേടി. 4649 പേരാണ് മരിച്ചത്.