മുംബൈ : കോവിഡ് വാക്സിനേഷൻ തടസ്സമില്ലാതെ തുടരുകയും പുതിയ കോവിഡ് വകഭേദത്തിന് തുടക്കം കുറിക്കുകയും ചെയ്തില്ലെങ്കിൽ ജൂൺ ഒന്നിനകം മുംബൈയിൽ കോവിഡ് വ്യാപനവും മരണവും ഗണ്യമായി കുറയാൻ സാധ്യതയുണ്ടെന്ന് ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റൽ റിസേർച്ചിലെ ഒരു സംഘം ശാസ്ത്രജ്ഞർ നടത്തിയ പഠനം വിശദമാക്കുന്നു.

മുംബൈയിലെ കോവിഡ് രണ്ടാംതരംഗത്തിന്റെ കാരണങ്ങൾ സൂക്ഷ്മമായി വിശകലനം ചെയ്യുന്നതായിരുന്നു റിപ്പോർട്ട്. മേയ് ആദ്യവാരത്തിൽ കോവിഡ് മരണങ്ങൾ ഉയരുമെന്ന് പ്രവചിച്ചിരുന്നു. എന്നിരുന്നാലും ജൂലായ് ഒന്നിനകം നഗരത്തിൽ സ്കൂളുകൾ തുറക്കാൻ കഴിയുമെന്ന ശുഭാപ്തി വിശ്വാസമാണ് പഠന റിപ്പോർട്ട് നൽകുന്നത്. ഫെബ്രുവരിയിൽ മഹാരാഷ്ട്രയിൽ കോവിഡ് വൈറസിന്റെ വകഭേദം ഉണ്ടായിരുന്നെന്നും ലോക്കൽ ട്രെയിൻ സർവീസുകൾ പുനരാരംഭിച്ചതിനുശേഷമാണ് വൈറസിന് അനുകൂലമായ അന്തരീക്ഷം ഉണ്ടായതെന്നും ഇത് രണ്ടാംതരംഗത്തിലേക്ക് നയിച്ചതെന്നും റിപ്പോർട്ട് വ്യക്തമാക്കി.

ഫെബ്രുവരി മാസത്തിൽ പകർച്ചവ്യാധിയുടെ വളരെ ചെറിയ തോതിലുള്ള സാന്നിധ്യമാണ് കണ്ടിരുന്നത്. എന്നാൽ പിന്നീട് അതിവേഗം വളരുകയും മാർച്ച് പകുതിയോടെ രൂക്ഷമായി പടരുകയുമായിരുന്നു. പോയ വർഷത്തെക്കാൾ രണ്ടര മടങ്ങ് ശക്തിയോടെയാണ് രോഗവ്യാപനം നടന്നതെന്നും പഠനം പറയുന്നു.