മുംബൈ : ആറുമാസത്തിനുശേഷം ആദ്യമായി വിദേശനിക്ഷേപക സ്ഥാപനങ്ങൾ ഇന്ത്യൻ ഓഹരിവിപണിയിൽ അറ്റ വിൽപ്പനക്കാരായി. ഏപ്രിലിൽമാത്രം ഇവർ പിൻവലിച്ചത് 9659 കോടി രൂപ. നിക്ഷേപം പിൻവലിച്ചിട്ടുണ്ടെങ്കിലും ഇതുവരെ വിപണിയിൽ സമ്മർദമുണ്ടാകുന്ന തരത്തിലേക്ക് അതു മാറിയിട്ടില്ല. ഇപ്പോഴും ഇന്ത്യൻ ഓഹരികൾ വാങ്ങാൻ തയ്യാറായി ഇവർ രംഗത്തുണ്ടെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു.

2020 സെപ്റ്റംബറിനുശേഷം ആദ്യമായാണ് വിദേശനിക്ഷേപക സ്ഥാപനങ്ങൾ ഇന്ത്യൻ വിപണിയിൽ അറ്റ വിൽപ്പനക്കാരാകുന്നത്. സെപ്റ്റംബറിൽ ഇവർ 7783 കോടി രൂപയുടെ നിക്ഷേപം പിൻവലിച്ചിരുന്നു. 2021 ജനുവരിമുതൽ ഏപ്രിൽവരെ വിദേശനിക്ഷേപക സ്ഥാപനങ്ങൾ ഓഹരിവിപണിയിൽ 46,083 കോടി രൂപയുടെ നിക്ഷേപം നടത്തിയിട്ടുണ്ട്. അതേസമയം, മ്യൂച്ചൽ ഫണ്ടുകളും ഇൻഷുറൻസ് കമ്പനികളും ഉൾപ്പെട്ട ആഭ്യന്തരനിക്ഷേപകസ്ഥാപനങ്ങൾ ആകെ 13,454 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചു. ഏപ്രിലിൽ വിദേശനിക്ഷേപക സ്ഥാപനങ്ങൾ വിൽപ്പനക്കാരായി മാറിയപ്പോൾ ആഭ്യന്തരനിക്ഷേപക സ്ഥാപനങ്ങൾ 11,000 കോടി രൂപയുടെ നിക്ഷേപം നടത്തി.

ഫെബ്രുവരിയിൽ കുറിച്ച പുതിയ ഉയരത്തിൽനിന്ന് സെൻസെക്സും നിഫ്റ്റിയും എട്ടുശതമാനത്തോളം താഴെയാണിപ്പോൾ. കോവിഡ് രണ്ടാം വ്യാപനം നിക്ഷേപകരിൽ ആശങ്ക വർധിപ്പിച്ചതാണ് ഏപ്രിലിൽ വിപണിയെ തളർത്തിയത്.