മുംബൈ : ഇന്ത്യയിൽനിന്നുള്ള ഏപ്രിലിലെ കയറ്റുമതിയിൽ മുൻവർഷത്തെ അപേക്ഷിച്ച് 197.03 ശതമാനം വർധന. കേന്ദ്ര വാണിജ്യ മന്ത്രാലയം പുറത്തുവിട്ട പ്രാഥമിക കണക്കുകൾ പ്രകാരം ആഭരണങ്ങളുടെയും രത്നങ്ങളുടെയും എൻജിനിയറിങ് ഉത്പന്നങ്ങളുടെയും പെട്രോളിയം ഉത്പന്നങ്ങളുടെയും കയറ്റുമതിയിലുണ്ടായ വലിയ വർധനയാണ് ഇതിനുകാരണമായി പറയുന്നത്. ആകെ 3021 കോടി ഡോളറിന്റെ (ഏകദേശം 2.23 ലക്ഷം കോടി രൂപ) കയറ്റുമതിയാണ് ഏപ്രിലിൽ രേഖപ്പെടുത്തിയത്. 2020 ഏപ്രിലിൽ കോവിഡിനെത്തുടർന്ന് ഏർപ്പെടുത്തിയ ലോക്ക്ഡൗൺ മൂലം ഉത്പാദനമേഖല സ്തംഭിച്ചത് കയറ്റുമതിയെയും ഇറക്കുമതിയെയും കാര്യമായി ബാധിച്ചിരുന്നു. അന്ന് 1036 കോടി ഡോളറിന്റെ (76,551 കോടി രൂപ) കയറ്റുമതിമാത്രമാണ് നടന്നത്. ഇറക്കുമതിയാകട്ടെ 1715 കോടി (1.27 ലക്ഷം കോടി രൂപ) ഡോളറിന്റേതും.

ഇറക്കുമതിയിൽ വർധന 165.99 ശതമാനമാണ്. ആകെ 4545 കോടി ഡോളറിന്റെ (3.36 ലക്ഷം കോടി രൂപ) ഇറക്കുമതി ഏപ്രിലിൽ രേഖപ്പെടുത്തി. ഇതോടെ വ്യാപാര കമ്മി 120.34 ശതമാനം ഉയർന്ന് 1524 കോടി ഡോളറിൽ (1.13 ലക്ഷം കോടി രൂപ) എത്തി. 2020 ഏപ്രിലിൽ വ്യാപാരകമ്മി 692 കോടി ഡോളർ (51,132 കോടി രൂപ) ആയിരുന്നു. അതേസമയം, 2021 മാർച്ചിനെ അപേക്ഷിച്ച് കയറ്റുമതിയും ഇറക്കുമതിയും കുറഞ്ഞിട്ടുണ്ട്. മാർച്ചിൽ 3445 കോടി ഡോളറിന്റെ (2.55 ലക്ഷം കോടി രൂപ) കയറ്റുമതിയും 4838 കോടി ഡോളറിന്റെ (3.57 ലക്ഷം കോടി രൂപ) ഇറക്കുമതിയും നടന്നിരുന്നു.

2021 ഏപ്രിലിൽ അസംസ്കൃത എണ്ണയുടെ ഇറക്കുമതി 132.26 ശതമാനം ഉയർന്ന് 1080 കോടി ഡോളറിൽ (79,800 കോടി രൂപ) എത്തി. എണ്ണയിതര ഉത്പന്നങ്ങളുടെ ഇറക്കുമതിയിൽ 178.6 ശതമാനം വർധിച്ച് 3465 കോടി ഡോളറിൽ (2.56 ലക്ഷം കോടി രൂപ) എത്തി. ആഭരണം, രത്നങ്ങൾ എന്നിവയുടെ കയറ്റുമതിയിൽ 9158.63 ശതമാനമാണ് വർധന. ചണ ഉത്പന്ന കയറ്റുമതിയിൽ 1556.39 ശതമാനത്തിന്റെയും പരവതാനികളുടേത് 1351.48 ശതമാനത്തിന്റെയും വർധന രേഖപ്പെടുത്തി. ലോക്‌ ഡൗണൊന്നും ഇല്ലാതിരുന്ന 2019 ഏപ്രിലുമായി താരതമ്യംചെയ്യുമ്പോൾ ഇത്തവണ കയറ്റുമതിയിൽ 16.03 ശതമാനത്തിന്റെയും ഇറക്കുമതിയിൽ 7.2 ശതമാനത്തിന്റെയും വർധനയുണ്ട്.