മുംബൈ : മഹാരാഷ്ട്ര പോലീസിലെ ഫോൺചോർത്തൽ കേസിൽ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികൾ തടയണമെന്നാവശ്യപ്പെട്ട് ഐ.പി.എസ്. ഓഫീസർ രശ്മി ശുക്ല ബോംബെ ഹൈക്കോടതിയെ സമീപിച്ചു. ഈ കേസിൽ മുംബൈ പോലീസ് നൽകിയ സമൻസുകൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈദരാബാദ് ഹൈക്കോടതിയിലും അവർ ഹർജി നൽകിയിട്ടുണ്ട്.

മഹാരാഷ്ട്ര ഇന്റലിജൻസ് കമ്മിഷണറായിരിക്കേ അനധികൃതമായി ടെലിഫോൺ ചോർത്തുകയും ഔദ്യോഗികരഹസ്യങ്ങൾ കൈമാറുകയും ചെയ്‌തെന്ന കേസിൽ മൊഴി നൽകുന്നതിന് എത്തണമെന്നാവശ്യപ്പെട്ട് മുംബൈ പോലീസ് രശ്മി ശുക്ലയ്ക്ക് രണ്ടുതവണ സമൻസ് അയച്ചിരുന്നു. കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തിൽ മൊഴിനൽകാൻ മുംബൈയിലെത്താനാവില്ലെന്ന് ഇപ്പോൾ ഹൈദരാബാദിലുള്ള രശ്മി ശുക്ല അറിയിച്ചിരുന്നു. അതിനു പിന്നാലെയാണ് സമൻസ് റദ്ദാക്കണമെന്നും അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികൾ തടയണമെന്നും ആവശ്യപ്പെട്ട് അവർ ഹൈക്കോടതിയെ സമീപിച്ചത്.

ഫോൺ ചോർത്തൽ കേസിലെ എഫ്.ഐ.ആറിൽ ആരുടെയും പേരു പറയുന്നില്ലെങ്കിലും പ്രതികാര നടപടിയായി തന്നെ അറസ്റ്റുചെയ്യാൻ സാധ്യതയുണ്ടെന്ന് രശ്മി ശുക്ലയ്ക്ക് ആശങ്കയുണ്ടെന്ന് അഭിഭാഷകൻ സമീർ നാംഗ്രേ വഴി തിങ്കളാഴ്ച ബോംബെ ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ രശ്മി ശുക്ല പറയുന്നു. ഉന്നതങ്ങളിലെ അഴിമതി വെളിച്ചത്തുകൊണ്ടുവന്ന തന്നെ വേട്ടയാടാനാണ് അധികൃതർ ശ്രമിക്കുന്നതെന്ന് അവർ അഭിപ്രായപ്പെട്ടു. ചൊവ്വാഴ്ചതന്നെ ഹർജി അടിയന്തരമായി പരിഗണിക്കണമെന്ന് ജസ്റ്റിസുമാരായ എസ്.എസ്. ഷിന്ദേയുടെയും മനീഷ് പിട്ടാലേയുടെയും ഡിവിഷൻ ബെഞ്ചിനോട് അഭ്യർഥിച്ചിട്ടുമുണ്ട്.

സംസ്ഥാന ഇന്റലിജൻസ് കമ്മിഷണറായിരിക്കേ രശ്മി ശുക്ല നടത്തിയ അന്വേഷണത്തിന്റെ രേഖകൾ പ്രതിപക്ഷനേതാവ് ദേവേന്ദ്ര ഫഡ്‌നവിസിന് ചോർന്നു കിട്ടിയതിനെത്തുടർന്നാണ് ഔദ്യോഗിക രഹസ്യനിയമനുസരിച്ച് മുംബൈ പോലീസ് കേസെടുത്തത്. മഹാരാഷ്ട്ര പോലീസിൽ നിയമനത്തിനും സ്ഥലംമാറ്റത്തിനും കോടികൾ വേണ്ടി കോഴ വാങ്ങുന്ന ഗൂഢസംഘം പ്രവർത്തിക്കുന്നതായി രശ്മി ശുക്ലയുടെ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

ഔദ്യോഗികരേഖകൾ പ്രതിപക്ഷനേതാവിന് ചോർത്തിക്കൊടുത്തത് രശ്മി ശുക്ല തന്നെയാണെന്ന് കരുതുന്നതായി ഇതുസംബന്ധിച്ച് അന്വേഷണം നടത്തിയ ചീഫ് സെക്രട്ടറി സംസ്ഥാന സർക്കാരിന് റിപ്പോർട്ട് നൽകിയിരുന്നു. ബി.ജെ.പി. നേതൃത്വവുമായി അടുപ്പമുള്ള രശ്മി ശുക്ലയെ ഉദ്ധവ് സർക്കാരാണ് ഇന്റലിജൻസ് കമ്മിഷണർ സ്ഥാനത്തുനിന്ന് മാറ്റിയത്. ഇതേത്തുടർന്ന് അവർ കേന്ദ്ര സർവീസിലേക്ക് പോവുകയും ഹൈദരാബാദിൽ സി.ആർ.പി.എഫിന്റെ അഡീഷണൽ ഡയറക്ടർ ജനറലാവുകയും ചെയ്തു.