മുംബൈ : മഹാരാഷ്ട്രയ്ക്ക് ഉടൻ 23 ലക്ഷം കോവിഡ് വാക്സിൻ നൽകുമെന്ന് കേന്ദ്രസർക്കാർ പ്രഖ്യാപിച്ചെങ്കിലും അത് എത്താൻ കാത്തിരിക്കുകയാണ് സംസ്ഥാനം. വാക്സിൻ തീർന്നിട്ട് രണ്ടുദിവസം പിന്നിടുകയാണ്.

മേയ് ഒന്നിന് 18 വയസ്സിന് മുകളിലുള്ളവർക്ക് മാത്രമാണ് കുറച്ച് വാക്സിൻ നൽകിയത്. 45 വയസ്സിന് മുകളിലുള്ളവർക്കുള്ള കുത്തിവെപ്പ് വെള്ളിയാഴ്ച നിർത്തിയതാണ്. അടുത്ത മൂന്നു ദിവസത്തേക്ക് മുംബൈയിൽ കുത്തിവെപ്പ് നിർത്തുകയാണെന്ന് ബി.എം.സി. പ്രഖ്യാപിക്കുകയും ചെയ്തു. എന്നാൽ സിറം ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന്‌ മൂന്നുലക്ഷം ഡോസ് വാക്സിൻ നേരിട്ട് വാങ്ങി മേയ് ഒന്നിന് തന്നെ 18 വയസ്സിന് മുകളിലുള്ളവർക്ക് കുത്തിവെപ്പ് നടത്തുകയായിരുന്നു. ഒരാഴ്ചകൂടി ഇവർക്കുള്ള കുത്തിവെപ്പ് തുടരും.

മൂന്നുലക്ഷം വാക്സിൻ ഡോസുകൾ തീരുന്നത് വരെയായിരിക്കും ഇത്. കേന്ദ്രം പ്രഖ്യാപിച്ച 23 ലക്ഷം ഡോസുകൾ എന്നെത്തുമെന്ന് സംസ്ഥാന സർക്കാരിന് പോലും അറിയില്ല. എപ്പോൾ ലഭിച്ചാലും ഉടൻതന്നെ കുത്തിവെപ്പ് ആരംഭിക്കുമെന്നാണ് ആരോഗ്യവകുപ്പ് പറയുന്നത്. സംസ്ഥാന സർക്കാരിന് നേരിട്ട് വാക്സിൻ ലഭിക്കണമെങ്കിൽ മേയ് 20 കഴിയണം. അതുവരെ വാക്സിൻ നൽകാൻ കഴിയില്ലെന്നും കേന്ദ്രസർക്കാരിന് നൽകണമെന്നുമാണ് സിറം ഇൻസ്റ്റിറ്റ്യൂട്ട് വ്യക്തമാക്കിയത്. സംസ്ഥാനത്ത് ഒരുദിവസം അഞ്ചുലക്ഷം പേർക്ക് വാക്സിൻ നൽകാനുള്ള സംവിധാനമുണ്ട്. ഇത് വേണമെങ്കിൽ വർധിപ്പിക്കാൻ കഴിയുമെന്നും ആരോഗ്യ മന്ത്രി രാജേഷ് ടോപ്പെ പറഞ്ഞിരുന്നു. അതായത് ഒരാഴ്ചത്തെ കുത്തിവെപ്പിന് 40 ലക്ഷത്തോളം ഡോസുകൾ വേണം. എന്നാൽ അത്രയും ഡോസുകൾ ലഭിക്കാൻ സാധ്യതയില്ലാത്തതിനാൽ കുത്തിവെപ്പുകൾ എടുക്കുന്നവരുടെ എണ്ണം കുറയാനാണ് സാധ്യത.