മുംബൈ : നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിൽ കഴിഞ്ഞയാഴ്ച നാലുമണിക്കൂറോളം വ്യാപാരം തടസ്സപ്പെട്ട സംഭവത്തിൽ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) വിശദമായ അന്വേഷണത്തിന്. സെബിയുടെ സാങ്കേതികവിദ്യാ ഉപദേശകസമിതിയുടെ നേതൃത്വത്തിലാണ് അന്വേഷണം. തടസ്സം നേരിടാനുണ്ടായ കാരണം കണ്ടെത്തി പരിഹാരംനിർദേശിക്കുന്നതിനാണ് സമിതിയെ ചുമതലപ്പെടുത്തിയത്.

ഐ.ഐ.ടി. മദ്രാസിലെ അശോക് ജുൻജുൻവാലയുടെ നേതൃത്വത്തിൽ നാലംഗസമിതിയാണ് അന്വേഷണം നടത്തുക. ഐ.ഐ.ടി. ബോംബെയിലെ അഭയ് കരന്ദികാർ, ഐ.ഐ.എസ്‌.സി. ബെംഗളൂരുവിലെ എച്ച്. കൃഷ്ണമൂർത്തി, ട്രിഗ്‌നോൻ ഹെൽത്ത് സ്ഥാപക ഡയറക്ടർ വിഭാകർ ഭൂഷൺ എന്നിവരാണ് മറ്റ് അംഗങ്ങൾ. എക്സ്ചേഞ്ചുകൾ തമ്മിൽ പരസ്പരം നടത്തുന്ന ഇടപാടിന്റെ സാധ്യതകളും ഡിസാസ്റ്റർ സൈറ്റിലേക്കു മാറുന്നതിനുള്ള സാങ്കേതികപ്രശ്നങ്ങളും സമിതി പരിശോധിക്കും. മാർച്ച് 15 -ഓടെ സമിതി പ്രാഥമികറിപ്പോർട്ട് സമർപ്പിക്കും. ടെലികോം സേവനദാതാക്കളുടെ ഭാഗത്തുനിന്നാണ് പ്രശ്നം ഉണ്ടായതെന്ന എൻ.എസ്.ഇയുടെ വിശദീകരണത്തിൽ സെബി തൃപ്തരല്ലെന്നാണ് സൂചന. ഏതെങ്കിലുംവിധത്തിലുള്ള സൈബർ ആക്രമണസാധ്യതയുണ്ടായോ എന്നതും പരിശോധിക്കുന്നുണ്ട്.