പുണെ : ആർമി റിക്രൂട്ട്മെന്റ് പരീക്ഷയുടെ ചോദ്യപ്പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് പുണെ സിറ്റി പോലീസ് രണ്ട് സൈനികർ ഉൾപ്പെടെ നാലുപേരെക്കൂടി അറസ്റ്റുചെയ്തു. സൈനികരായ ഗോപാൽ യുവരാജ് കോലി, ഉദയ് ദത്തു അവതി, ബരാമതി സ്വദേശിയായ കിഷോർ മഹാദേവ് ഗിരി, വിശ്രാന്തവാടി സ്വദേശിയായ മാധവ് ശേഷ് റാവ് ഗിറ്റെ എന്നിവരെയാണ് അറസ്റ്റുചെയ്തത്.

സംഭവവുമായി ബന്ധപ്പെട്ട് ഏഴുപേരാണ് ഇതുവരെ അറസ്റ്റിലായത്.

മിലിട്ടറി ഇന്റലിജൻസ് യൂണിറ്റും പുണെ സിറ്റി പോലീസിലെ ക്രൈംബ്രാഞ്ച് യൂണിറ്റും സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് ചോദ്യപേപ്പർ ചോർന്നതായി കണ്ടെത്തിയത്. തുടർന്ന് പരീക്ഷ റദ്ദാക്കിയിരുന്നു. 30,000-ത്തോളം പേരാണ് ഈ പരീക്ഷ എഴുതാനിരുന്നത്. കേസുമായി ബന്ധപ്പെട്ട് ഒരു മുൻ സൈനികൻ ഉൾപ്പെടെ മൂന്നുപേരെ തുടക്കത്തിൽത്തന്നെ അറസ്റ്റുചെയ്തിരുന്നു.

ചോദ്യച്ചോർച്ചയുമായി ബന്ധപ്പെട്ട് വിശ്രാന്തവാടി പോലീസ് സ്റ്റേഷനിലും വാനവാടി പോലീസ് സ്റ്റേഷനിലുമായി രണ്ടുകേസാണ് രജിസ്റ്റർചെയ്തിട്ടുള്ളത്. പുണെ ക്രൈംബ്രാഞ്ചിലെ രണ്ട് സംഘങ്ങളാണ് ഇപ്പോൾ അന്വേഷിക്കുന്നത്.

വിശ്രാന്തവാടി പോലീസ് സ്റ്റേഷനിൽ രജിസ്റ്റർചെയ്ത കേസുമായി ബന്ധപ്പെട്ടാണ് ആദ്യം മൂന്നുപേരെ അറസ്റ്റുചെയ്തത്. നാലുപേരുടെ അറസ്റ്റ് വാനവാടി പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസുമായി ബന്ധപ്പെട്ടുള്ളതാണ്.

സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ പ്രത്യേക സംഘം രൂപവത്കരിക്കുമെന്ന് പുണെ പോലീസ് കമ്മിഷണർ അമിതാബ് ഗുപ്ത പറഞ്ഞു.

ഡൽഹിലെ ആർമി റിക്രൂട്ട്മെന്റ് ഓഫീസിലോ പുണെയിലെ ആർമി റിക്രൂട്ടിങ് ഓഫീസിലോ ഉള്ള ആരുടെയെങ്കിലും സഹായമില്ലാതെ ചോദ്യപ്പേപ്പർ ചോർത്താൻ കഴിയില്ല എന്ന നിഗമനത്തിലാണ് അന്വേഷണ സംഘം.

പുണെ, സത്താറ, സാംഗ്ലി, കോലാപ്പുർ എന്നിവിടങ്ങളിലെ നാല് സ്വകാര്യ ആർമി റിക്രൂട്ട്‌മെന്റ് കോച്ചിങ് സെന്ററുകളും സൈനികരും തമ്മിലുള്ള ബന്ധവും അന്വേഷിക്കുന്നുണ്ട്.