ന്യൂഡൽഹി : കർഷക സമരത്തേത്തുടർന്ന് അടച്ചിട്ട ഗാസിപുർ അതിർത്തിയുടെ ഒരുഭാഗം ഗതാഗതത്തിനായി ചൊവ്വാഴ്ച തുറന്നുകൊടുത്തു. ജനുവരി 26-ന് നടന്ന സംഘർഷത്തേത്തുടർന്ന് അടച്ചിട്ട ഭാഗമാണ് തുറന്നത്.

ഡൽഹിയിൽ നിന്ന് ഗാസിയാബാദിലേക്ക് പോകുന്ന റോഡിന്റെ ഭാഗമാണ് ചൊവ്വാഴ്ച രാവിലെ തുറന്നുകൊടുത്തതെന്ന് പോലീസ് പറഞ്ഞു. റോഡിന്റെ മറുഭാഗം അടഞ്ഞുതന്നെ കിടക്കുകയാണ്.

ആയിരക്കണക്കിന് കർഷകരാണ് കാർഷിക നിയമങ്ങൾക്കെതിരേ സിംഘു, തിക്രി, ഗാസിപുർ അതിർത്തികളിൽ സമരം ചെയ്യുന്നത്. കഴിഞ്ഞ സെപ്റ്റംബറിൽ പാസാക്കിയ കാർഷികനിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ടാണ് സമരം.