മുംബൈ : കർഷകസമരത്തിൽ കേന്ദ്രസർക്കാരിനെ പിന്തുണച്ചുള്ള പ്രമുഖ വ്യക്തികളുടെ ട്വീറ്റുകൾ സമ്മർദത്തെത്തുടർന്നായിരുന്നുവോയെന്ന കാര്യമാണ് അന്വേഷിക്കുന്നതെന്ന് ആഭ്യന്തരമന്ത്രി അനിൽ ദേശ്‌മുഖ് നിയമസഭയെ അറിയിച്ചു. സച്ചിൻ തെണ്ടുൽക്കർക്കോ ലതാമങ്കേഷ്‌കർക്കോ എതിരേയുള്ള അന്വേഷണമല്ല ഇതെന്നും ബി.ജെ.പി. ഐ.ടി.സെല്ലിന്റെ പങ്കിനെക്കുറിച്ചാണ് അന്വേഷിക്കാൻ ഉത്തരവിട്ടിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. പ്രതിപക്ഷ നേതാവ് ദേവേന്ദ്ര ഫഡ്‌നവിസിന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി.

വിവാദ ട്വീറ്റുകൾക്ക് പിന്നിൽ പ്രവർത്തിച്ച 12 പേരെക്കുറിച്ചുള്ള വിവരം പോലീസിന് ലഭിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. സച്ചിൻതെണ്ടുൽക്കർ, ലതാമങ്കേഷ്‌കർ എന്നിവരെ കൂടാതെ അക്ഷയ്‌കുമാർ, സുനിൽഷെട്ടി, സൈനാ നേവാൾ തുടങ്ങിയവരും കർഷകസമരത്തിൽ കേന്ദ്രത്തെ പിന്തുണച്ച് ട്വീറ്റ് ചെയ്തിരുന്നു. രഹസ്യാന്വേഷണ വിഭാഗത്തിനോടാണ് ഇക്കാര്യം അന്വേഷിക്കാൻ നിർദേശിച്ചിട്ടുള്ളതെന്ന് മന്ത്രി വ്യക്തമാക്കി. സെലിബ്രിറ്റികളുടെ ട്വീറ്റുകൾക്ക് പിന്നിൽ ബാഹ്യസമ്മർദമുണ്ടായിരുന്നവോ എന്ന കാര്യം അന്വേഷിക്കണമെന്ന് കോൺഗ്രസ് നേതാവ് സച്ചിൻ സാവന്ത് ആഭ്യന്തരമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. കർഷകസമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുള്ള പോപ്പ്ഗായിക റിയാന്ന, പരിസ്ഥിതിപ്രവർത്തക ഗ്രെറ്റ ത്യുൻബെ എന്നിവരുടെ ട്വീറ്റിന് വിദേശകാര്യമന്ത്രാലയം മറുപടി നൽകിയതിനു പിന്നാലെയായിരുന്നു കേന്ദ്രത്തെ പിന്തുണച്ച് ഇവരുടെ ട്വീറ്റുകൾ വന്നത്. സെലിബ്രിറ്റികളുടെ ട്വീറ്റെല്ലാം ഏകദേശം ഒരുപോലെയായിരുന്നുവെന്നത് സംശയം ഉളവാക്കുന്നുവെന്ന് സച്ചിൻ സാവന്ത് പരാതിയിൽ പറഞ്ഞിരുന്നു.