ന്യൂഡൽഹി : ക്രെഡിറ്റ് കാർഡിലെ പോയന്റുകൾ റെഡീം ചെയ്ത് പണം നൽകാമെന്ന് വാഗ്ദാനംചെയ്ത് തട്ടിപ്പ് നടത്തിയ 21-കാരനെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തു. മണ്ഡാവ്‌ലിയിൽ താമസിക്കുന്ന തുഷാർ ത്യാഗിയാണ് അറസ്റ്റിലായത്. പബ്ജി ഗെയിം വഴി പരിചയപ്പെട്ട വ്യക്തിയുമായി ചേർന്നാണ് ത്യാഗി തട്ടിപ്പ് നടത്തിയത്.

മാളവ്യനഗർ സ്റ്റേഷനിൽ അഡ്വ. സാദബ് ഖാൻ നൽകിയ പരാതിയെത്തുടർന്നാണ് അറസ്റ്റ്. ക്രെഡിറ്റ് കാർഡ് പോയന്റുകൾ പണമാക്കി നൽകാമെന്ന് ഖാന്റെ ഫോണിലേക്ക് എസ്.എം.എസ്. വന്നിരുന്നു. അതിലെ ലിങ്കിൽ ക്ലിക്ക് ചെയ്ത് കാർഡിന്റെ വിവരങ്ങൾ നൽകിയപ്പോൾ ഒരു ലക്ഷംരൂപ അക്കൗണ്ടിൽനിന്ന് പോയെന്നാണ് പരാതി.

പോലീസ് നടത്തിയ അന്വേഷണത്തിൽ വ്യാജ എസ്.എം.എസ്. സർവീസ് ഉപയോഗിച്ചാണ് പ്രതികൾ തട്ടിപ്പ് നടത്തിയതെന്ന് കണ്ടെത്തി. തട്ടിക്കുന്ന പണം ആദ്യമൊരു ഇ-വാലറ്റ് അക്കൗണ്ടിലേക്ക് മാറ്റിയശേഷം ഇലക്‌ട്രോണിക് സ്റ്റോറിൽ നിന്ന് ഉപകരണങ്ങൾ വാങ്ങുകയാണ് പ്രതികൾ ചെയ്തുവന്നത്. വ്യാജ വിലാസമുപയോഗിച്ചാണ് ഇ-വാലറ്റ് അക്കൗണ്ട് പ്രവർത്തിച്ചിരുന്നത്.