മുംബൈ : മഹാരാഷ്ടയിൽ വൈദ്യുതി കുടിശ്ശികയുള്ള കർഷകരുടേയും ഗാർഹിക ഉപഭോക്താക്കളുടേയും വൈദ്യുതി കണക്ഷൻ വിച്ഛേദിക്കുന്നത് അടിയന്തരമായി നിർത്തിവെക്കാൻ ഉത്തരവിട്ടതായി ഉപമുഖ്യമന്ത്രി അജിത്പവാർ നിയമസഭയെ അറിയിച്ചു. പ്രതിപക്ഷനേതാവ് ദേവേന്ദ്ര ഫഡ്‌നവിസാണ് സഭയിൽ പ്രശ്നം ഉന്നയിച്ചത്.

കുടിശ്ശികവരുത്തിയ കർഷകരുടേയും ഗാർഹിക ഉപഭോക്താക്കളുടേയും വൈദ്യുതി കണക്ഷൻ വിച്ഛേദിക്കുന്ന നടപടി അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി. എം.എൽ.എ. മാർ നിയമസഭാകവാടത്തിന് മുമ്പിൽ പ്രതിഷേധിച്ചിരുന്നു. അമിതവൈദ്യുതി ബില്ലിനെതിരേ ജനങ്ങളിൽ അമർഷം പുകയുകയാണെന്ന് ഫഡ്‌നവിസ് പറഞ്ഞു. ലോക്ഡൗൺ മൂലം കർഷകരും സാധരണക്കാരും പ്രതിസന്ധിയിലാണ്. അതിനിടയിലാണ് അമിത വൈദ്യുതി ബില്ല് അവർക്ക് ലഭിച്ചിട്ടുള്ളത്.

ലോക്ഡൗൺ കാലത്തെ വൈദ്യുതിബിൽ കുറയ്ക്കുമെന്ന് പ്രഖ്യാപിച്ച ഊർജമന്ത്രി പ്രഖ്യാപനത്തിൽനിന്ന് പിൻമാറുകയായിരുന്നുവെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.