മുംബൈ : മറാഠി എഴുത്തുകാരൻ ലക്ഷ്മൺ ഗായക്‌വാദ് ഗോരേഗാവിലെ ദാദാസാഹേബ് ഫാൽക്കെ ചിത്രനഗരിയിൽ (ഫിലിം സിറ്റി) നാലുദിവസമായി നടത്തിയ നിരാഹാര സത്യാഗ്രഹം പിൻവലിച്ചു. ഫിലിം സിറ്റിയിൽ അദ്ദേഹം നടത്തി വരുന്ന പ്രഫുൽ ഫാസ്റ്റ് ഫുഡ് എന്ന കാന്റീനിലേക്കുള്ള കുടിവെള്ളവിതരണവും വൈദ്യുതിവിതരണവും പുനഃസ്ഥാപിക്കാൻ സർക്കാർ ഉത്തരവിട്ടതിനെത്തുടർന്നാണ് ഉച്ചല്യയുടെ കർത്താവായ അദ്ദേഹം സമരം അവസാനിപ്പിച്ചത്. 25 വർഷത്തിലേറെക്കാലമായി കുടുംബത്തിന്റെ ഏക വരുമാനമാർഗമായ ആ കാന്റീനിൽനിന്ന് ഒഴിപ്പിച്ച് ആ സ്ഥലം മറ്റാർക്കെങ്കിലും ലേലത്തിൽ വിൽക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമായിട്ടാണ് ഫിലിം സിറ്റി അധികൃതർ കാന്റീനിലേക്കുള്ള കുടിവെള്ളവിതരണവും വൈദ്യുതിയും നിർത്തലാക്കിയതെന്ന് ആരോപിച്ചാണ് അദ്ദേഹവും ഭാര്യയും കഴിഞ്ഞ വെള്ളിയാഴ്ച കാന്റീനുള്ളിൽത്തന്നെ സത്യാഗ്രഹം ആരംഭിച്ചത്.

ഇതിനുമുമ്പ് കാന്റീനിന്റെ വാടക പലയിരട്ടിയായി വർധിപ്പിച്ചുകൊണ്ട് കുടിശ്ശികയായി വലിയൊരു തുക അടയ്ക്കാൻ ഫിലിംസിറ്റി അധികൃതർ കഴിഞ്ഞ ഒക്ടോബറിൽ അദ്ദേഹത്തിന് നോട്ടീസ് നൽകിയിരുന്നു. പുതിയ കരാറിന്റെ കാലാവധി തീരാൻ ഇനിയും എട്ടുവർഷം ബാക്കിയിരിക്കേയായിരുന്നു മുന്നറിയിപ്പില്ലാത്ത ഈ നോട്ടീസ്. ഇത് സംബന്ധിച്ച തർക്കം നടന്നുവരുന്നതിനിടയിലാണ് വ്യാഴാഴ്ച രാത്രിമുതൽ കാന്റീനിലേക്കുള്ള കുടിവെള്ളവിതരണവും വൈദ്യുതിയും നിർത്തലാക്കിയത്. കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടിയ ഗായക്‌വാദിനെ ആദരിച്ചുകൊണ്ട് 1995-ൽ അന്നത്തെ സംസ്ഥാന സർക്കാർ അദ്ദേഹത്തിന് കാന്റീൻ നടത്താൻ നൽകിയതാണ് ഈ സ്ഥലം.

നിരാഹാരം നടത്തിവരുന്ന ഗായക്‌വാദിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എഴുത്തുകാരും സാംസ്കാരിക പ്രവർത്തകരും രംഗത്തെത്തിയിരുന്നു. റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യ (ആർ.പി.ഐ.) അടക്കമുള്ള വിവിധ രാഷ്ട്രീയപ്പാർട്ടികളുടെ ആഭിമുഖ്യത്തിൽ ഫിലിംസിറ്റിയുടെ കവാടത്തിനു മുന്നിൽ പ്രതിഷേധം നടത്തിവരുകയുമായിരുന്നു. മഹാരാഷ്ട്ര നിയമസഭാ കൗൺസിൽ ഡെപ്യൂട്ടി ചെയർമാൻ ഡോ. നീലം ഗോർഹെ മുഖ്യമന്ത്രിയും മറ്റു ബന്ധപ്പെട്ട അധികാരികളുമായി ചർച്ച നടത്തിയാണ് കാന്റീനിലേക്കുള്ള വൈദ്യുതിയും ജലവിതരണവും പുനഃസ്ഥാപിക്കാൻ ഉത്തരവിട്ടത്.

കാന്റീനിന്റെ വാടകയുമായി ബന്ധപ്പെട്ട തർക്കത്തിൽ അദ്ദേഹത്തിന് നീതി ലഭ്യമാക്കുന്ന കാര്യത്തിൽ ഉറപ്പു നൽകുകയും ചെയ്തു. നിരാഹാര സത്യാഗ്രഹത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച എല്ലാവർക്കും ലക്ഷ്മൺ ഗായക്‌വാദ് നന്ദി അറിയിച്ചു.