മുംബൈ : ഗതാഗതനിയമ ലംഘനത്തിനുള്ള പിഴ കുത്തനെ ഉയർത്തിക്കൊണ്ട് മഹാരാഷ്ട്ര സർക്കാർ ഉത്തരവിറക്കി. കേന്ദ്രസർക്കാറിന്റെ മോട്ടോർവാഹന നിയമ ഭേദഗതിയിലെ ചട്ടങ്ങളനുസരിച്ചാണിത്.

അമിതവേഗത്തിൽ കാർ ഓടിച്ചാലുള്ള പിഴ 1000 രൂപയിൽ നിന്ന് 2000 രൂപയായാണ് ഉയർത്തിയിട്ടുള്ളത്. മറ്റു വാഹനങ്ങൾക്ക് ഇത് 1000 രൂപയിൽ നിന്ന് 4000 രൂപയായി വർധിപ്പിച്ചു. ഇരുചക്ര വാഹനത്തിൽ മൂന്നുപേർ യാത്രചെയ്താൽ 1000 രൂപ പിഴ ഈടാക്കും. വാഹനമോടിക്കുന്നയാളുടെ ലൈസൻസ് മൂന്നുമാസത്തേക്ക് സസ്‌പെൻഡ് ചെയ്യുകയും ചെയ്യും. നിലവിൽ 200 രൂപ പിഴ ഈടാക്കിയിരുന്ന സ്ഥാനത്താണിത്. പാർക്കിങ് നിരോധിച്ച സ്ഥലത്ത് വാഹനം നിർത്തിയിട്ടാലുള്ള പിഴ 200 രൂപയിൽ നിന്ന് 500 രൂപയായി വർധിപ്പിച്ചുണ്ട്. നഗരപ്രദേശങ്ങളിൽ അനധികൃത പാർക്കിങ് വലിയ പ്രശ്‌നമായ സാഹചര്യത്തിലാണിതെന്ന് സംസ്ഥാന ട്രാൻസ്‌പോർട്ട്‌ കമ്മീഷണർ അവിനാശ് ധാക്‌നേ പറഞ്ഞു.

ഹെൽമറ്റ് ധരിക്കാതെ ഇരുചക്ര വാഹനങ്ങളിൽ സഞ്ചരിക്കുന്നവർക്കും സീറ്റ്ബെൽറ്റ് ധരിക്കാതെ കാറിൽ യാത്ര ചെയ്യുന്നവർക്കുമുള്ള പിഴ വർധിപ്പിച്ചിട്ടില്ല. അത് യഥാക്രമം 500 രൂപയും 200 രൂപയുമായി തുടരും. ഹെൽമെറ്റും സീറ്റ്‌ബെൽറ്റും ധരിക്കാത്തവർക്കുള്ള പിഴ 1000 രൂപയായി വർധിപ്പിക്കണമെന്നാണ് കേന്ദ്ര നിർദേശമെങ്കിലും അതു നടപ്പാക്കേണ്ടതില്ലെന്നാണ് സംസ്ഥാന സർക്കാറിന്റെ തീരുമാനം. നിലവിലുള്ള പിഴതന്നെ കൂടുതലാണെന്നാണ് എം.വി.എ. സർക്കാറിന്റെ അഭിപ്രായമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. പിഴ കുറയ്ക്കണമെന്ന് പല സംസ്ഥാന സർക്കാറുകളും ആവശ്യപ്പെട്ടിരുന്നെങ്കിലും കേന്ദ്രം അതിന് വഴങ്ങിയിട്ടില്ല. അതുകൊണ്ടാണ് മഹാരാഷ്ട്ര സ്വന്തം നിലയ്ക്ക് തീരുമാനമെടുത്തത്.

മദ്യപിച്ച് വാഹനമോടിക്കുന്നവർക്കുള്ള ശിക്ഷ വിധിക്കുന്നത് കോടതിയാണ് എന്നതുകൊണ്ട് അതിന്റെ പിഴസംഖ്യ വിജ്ഞാപനത്തിൽ ഉൾപ്പെടുത്തിയിട്ടില്ല. ആദ്യമായി ഈ കുറ്റം ചെയ്യുന്നവർക്ക് ആറുമാസം വരെ തടവും 10,000 രൂപ പിഴയും വിധിക്കാമെന്നാണ് നിയമ ഭേദഗതിയിൽ പറയുന്നത്. കുറ്റം ആവർത്തിച്ചാൽ രണ്ടുവർഷം വരെ തടവും 15,000 രൂപ പിഴയും വിധിക്കാം.

നമ്പർപ്ലേറ്റിൽ അലങ്കാരപ്പണികൾ ചെയ്താലും അനധികൃതമായ ലൈറ്റുകൾ ഉപയോഗിച്ചാലും 1000 രൂപ പിഴ ഈടാക്കും. അമിതഭാരം കയറ്റുന്ന ലോറികൾക്ക് 20,000 രൂപയാണ് പിഴ. അധികമുള്ള ഓരോ ടണ്ണിനും 2000 രൂപ വീതം വേറെയും നൽകണം. വാഹനം നിർത്തി ഭാരം പരിശോധിക്കാൻ വിസമ്മതിക്കുന്ന ഡ്രൈവർമാർക്ക് 40,000 രൂപ പിഴ വിധിക്കും. ഇൻഷുറൻസ് ഇല്ലാതെ വാഹനം ഓടിച്ചാൽ 2000 രൂപ നൽകേണ്ടി വരും. പ്രായപൂർത്തിയാവാത്തവർ വാഹനം ഓടിക്കുന്നതായി കണ്ടാൽ വാഹന ഉടമയിൽനിന്ന് 5000 രൂപ ഈടാക്കും. നിലവിൽ ഇത് 500 രൂപയാണ്. പുതുക്കിയ നിരക്കുകൾ ഉടൻ തന്നെ മോട്ടോർവാഹന വകുപ്പിന്റെ ആപ്പ് വഴി ഈടാക്കിത്തുടങ്ങും.