പുണെ : പിംപ്രി-ചിഞ്ച്‌വാഡിൽ വാടകവീട്ടിൽ മരിച്ച അമ്മയുടെ യരികെ ഭക്ഷണവും വെള്ളവുമില്ലാതെ രണ്ടുദിവസത്തിലധികം കഴിഞ്ഞ് ഒന്നരവയസ്സുള്ള ആൺകുട്ടി. സ്ത്രീ മരിച്ചത് കോവിഡ്മൂലമാണെന്ന് സംശയിച്ചു അയൽവാസികളടക്കം സഹായിക്കാൻ മടിച്ചുനിന്ന കുഞ്ഞിന് അവസാനം സംരക്ഷണമൊരുക്കിയത് വനിതാ പോലീസുകാർ.

പുണെ ജില്ലയിലെ പിംപ്രി ചിഞ്ച്‌വാഡിലുള്ള ഡിഗി പ്രദേശത്താണ് ഈ കരളലിയിക്കുന്ന സംഭവം. യു.പി.യിൽനിന്നുള്ള സ്ത്രീ ഭർത്താവിനും ഒന്നരവയസ്സുള്ള മകനുമൊപ്പം ഇവിടെ വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു. ചില ജോലികൾക്കായി ഭർത്താവ് യു.പി.യിൽ പോയിരുന്നു.

കഴിഞ്ഞ ദിവസം യുവതി വിഷംകഴിച്ച് ആത്മഹത്യചെയ്യുകയായിരുന്നുവെന്ന് സംശയിക്കുന്നു. ഒന്നരവയസ്സുള്ള കുട്ടി അമ്മയുടെ മൃതദേഹത്തിനരികിൽ കരഞ്ഞുകൊണ്ടിരുന്നു. കോവിഡ്ബാധ ഭയന്ന് അയൽക്കാർ ആരുംതന്നെ ഇവരെ സഹായിക്കാൻ തയ്യാറായില്ല. മൃതദേഹത്തിൽനിന്ന് ദുർഗന്ധം വമിച്ചുതുടങ്ങിയപ്പോൾ വീട്ടുടമ പോലീസിനെ അറിയിച്ചു. പോലീസ് കോൺസ്റ്റബിൾമാരായ സുശീല ഗഭാലേ, രേഖ വാസെ എന്നിവർ വാതിൽ പൊളിച്ചു വീട്ടിനകത്തുകയറിയപ്പോൾ അമ്മയുടെ ശരീരത്തിൽ പറ്റിപ്പിടിച്ചുകിടക്കുന്ന കുഞ്ഞിനെയാണ് കാണുന്നത്. ഇവർ കുഞ്ഞിനെയെടുത്തുമാറ്റി പാലും ഭക്ഷണവും നൽകി.

യു.പി. സ്വദേശിയായ രാജേഷ് കുമാറിന്റെ ഭാര്യ സരസ്വതി (29 )ആണ് മരിച്ചതെന്ന് ഡിഗി പോലീസ് അറിയിച്ചു.

ശിശുക്ഷേമസമിതിയുടെ നിർദേശപ്രകാരം കുട്ടിയെ സർക്കാർ ശിശുസംരക്ഷണഹോമിലേക്ക് അയച്ചു.